ലണ്ടൻ: സീസണിൽ തുടർച്ചയായ നാലാം തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ബ്രൈറ്റനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. 23-ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ മുന്നിലെത്തിയ ശേഷമാണ് സിറ്റി തോൽവി വഴങ്ങിയത്. 78-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജൊവാവോ പെഡ്രോ, 83-ാം മിനിറ്റിൽ മാറ്റ് ഓറിലി എന്നിവരാണ് ബ്രൈറ്റന് വേണ്ടി ലക്ഷ്യം കണ്ടത്. പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് സിറ്റി നേരിട്ടത്. ഇതോടെ ലിവർപൂളിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടമാക്കി.
വിജയത്തോടെ ബ്രൈറ്റൻ നാലാം സ്ഥാനത്തേക്ക് കയറി. പരിശീലകനെന്ന നിലയിൽ ആദ്യമായിട്ടാണ് പെപ് ഗ്വാർഡിയോള തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയമറിയുന്നത്. 2021ന് ശേഷം ആദ്യപകുതിയിൽ മുന്നിലെത്തിയ ശേഷം സിറ്റി തോൽക്കുന്നത് ആദ്യവും ഈ മത്സരത്തിലാണ്. അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൈറ്റൻ പിന്നിൽ നിന്ന ശേഷം ജയിച്ചുകയറുന്നത്. ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബണുമായി 4-1നാണ് സിറ്റി തോൽവിയറിഞ്ഞത്. അതിന് തൊട്ടുമുമ്പ് ബേൺമൗത്തിനോടും ടോട്ടനത്തോടും 2-1ന് തോറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]