റായ്പുര്‍: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേ വന്ന വധഭീഷണിക്കായി ഉപയോഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റായ്പുരില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഷാരൂഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് താനല്ലെന്നും ഇതിനായി ഉപയോഗിച്ചു എന്ന് പറയുന്ന തന്റെ ഫോണ്‍ ദിവസങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടുപോയതാണെന്നുമാണ് ഇയാള്‍ പറയുന്നത്.
വധഭീഷണിക്കായി ഉപയോഗിച്ച ഫോണ്‍ നവംബര്‍ രണ്ടാം തീയതി തന്റെ പക്കല്‍ നിന്നും മോഷണം പോയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ റായ്പുരിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി.
”നഷ്ടപ്പെട്ടുപോയ എന്റെ ഫോണ്‍ ഉപയോഗിച്ചാണ് ആരോ ഈ ഭീഷണി ഫോണ്‍ ചെയ്തത്. ഇന്ന് രാവിലെ മുംബൈ പോലീസ് എത്തി ഇക്കാര്യത്തില്‍ എന്റെ മൊഴിയെടുത്തിരുന്നു. എന്റെ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസാണ് എന്നോട് പറഞ്ഞത്. നവംബര്‍ രണ്ടിന് ഈ പറയുന്ന നമ്പറിലുള്ള ഫോണ്‍ എന്റെ കൈയില്‍ നിന്ന് നഷ്ടമായതാണെന്നും ലോക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഞാന്‍ അവരോട് പറഞ്ഞു” – യുവാവ് ന്യൂസ് 18-നോട് പറഞ്ഞു.
നവംബര്‍ അഞ്ചാം തീയതി രാത്രി എട്ടു മണിയോടെയാണ് ഷാരൂഖിനെ വധിക്കുമെന്ന് പറഞ്ഞ് മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതന്റെ വിളിവന്നത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. താന്‍, ഷാരൂഖിന്റെ വീടായ മന്നത്തിനു പുറത്ത് നില്‍ക്കുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും പോലീസ് പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ റായ്പുരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു.
ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് താരം സല്മാന് ഖാന് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് നിരന്തരമായ വധഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണിയെത്തിയത്.
ഒക്ടോബറിലും ഷാരൂഖിനെതിരേ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടര്‍ന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും താരത്തിന് ഏര്‍പ്പാടാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]