മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം കടുത്ത വിമർശനങ്ങൾക്കു നടുവിൽ നിൽക്കെ, ഇന്ത്യൻ പരിശീലക സംഘത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്തം എന്താണെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിൽ വിവിധ വ്യക്തികളുണ്ടെങ്കിലും, ഓരോരുത്തരുടെയും ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ ഒട്ടും വ്യക്തതയില്ലെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.
അഭിഷേക് നായർക്കു പുറമേ റയാൻ ടെൻ ഡോഷെറ്റ്സ് കൂടി എന്തിനാണ് ടീമിലെന്ന സംശയവും ഗാവസ്കർ ഉന്നയിച്ചു. ഇരുവർക്കും ബാറ്റിങ് പരിശീലകർ എന്നതിനു പുറമേ സഹപരിശീലകർ എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, പരിഹാസത്തോടെയുള്ള ചിരിയായിരുന്നു ഗാവസ്കറിന്റെ മറുപടി.
‘‘ബാറ്റിങ്ങിന്റെ കാര്യമെടുക്കൂ. ഇപ്പോഴത്തെ ടീമിൽ അഭിഷേക് നായരുടെ ഉത്തരവാദിത്തം എന്താണ്? അദ്ദേഹം ബാറ്റിങ് പരിശീലകനാണോ അതോ സഹ പരിശീലകനാണോ? ഇവർ രണ്ടു പേരേക്കാളും ഒരുപാട് റൺസ് അധികം നേടിയിട്ടുള്ള താരമാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഓസ്ട്രേലിയയിലെ സാഹചര്യങ്ങഴിൽ എപ്രകാരം കളിക്കണമെന്നും ബാറ്റിങ്ങിൽ ഏതു ശൈലി സ്വീകരിക്കണമെന്നും കളിക്കാർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഗംഭീറിനു കഴിഞ്ഞാൽ, നമ്മുടെ പ്രകടനം കൂടുതൽ നന്നാകുമെന്നു തോന്നുന്നു’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് ഗംഭീറിന്റെ മധുവിധു കാലം കഴിഞ്ഞെന്നും, ഇനിയും നല്ല റിസൾട്ട് ഉണ്ടാക്കാനായില്ലെങ്കിൽ ഗംഭീറിന്റെ കാര്യം കഷ്ടത്തിലാകുമെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു. ‘‘ഗൗതം ഗംഭീറിന്റെ മധുവിധു കാലം അവസാനിച്ചിരിക്കുന്നു. ഇതുവരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിനു സംഭവിച്ച പിഴവുകൾ ക്ഷമിക്കാവുന്നതായിരുന്നു. ഇനി ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കാർക്ക് കൃത്യമായി മാർഗനിർദ്ദേശം നൽകി നയിക്കാൻ ഗംഭീറിനു സാധിക്കണം’ – ഗാവസ്കർ പറഞ്ഞു.
English Summary:
“What’s Nayar’s Role?”: Laughing Sunil Gavaskar Questions Gautam Gambhir’s Staff
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]