![](https://newskerala.net/wp-content/uploads/2024/11/sharda20sinha-1024x576.jpg)
പ്രശസ്ത ഗായിക ശാരദ സിന്‍ഹയുടെ നിര്യാണം ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. ആഴ്ചകൾക്ക് മുമ്പ് ഭർത്താവ് ബ്രജ് കിഷോർ സിൻഹ വിടപറഞ്ഞതിനുപിന്നാലെ ശാരദ ഏറെ തകർന്നിരുവെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴിതാ തന്റെ 72ാം ജന്മദിനത്തിന് ബ്രജ് കിഷോര്‍ സിന്‍ഹയെ കുറിച്ച് ശാരദ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഞാന്‍ നിങ്ങള്‍ക്ക് അരികിലേക്ക് വൈകാതെയെത്തും എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
എന്റെ ജന്മദിനത്തില് എല്ലാവരും ഉറങ്ങുമ്പോള്‍ അദ്ദേഹം റോസ് പൂക്കള്‍ വാങ്ങി പ്രഭാത ഭക്ഷണവും ഒരുക്കി എനിക്കായി കാത്തിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പറ്റാത്ത ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് വാങ്ങി കഴിക്കുമായിരുന്നു. ആദ്യം നിഷേധിക്കുമെങ്കിലും പിന്നീട് അദ്ദേഹം സത്യം തുറന്നുപറയുമായിരുന്നു. അവസാനം അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ഉടന്‍ വരാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തോട് ആരോഗ്യം ശ്രദ്ധിക്കാനും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആരോഗ്യവാനാണെന്നും എന്നോട് വേഗം സുഖപ്പെട്ട് വരാനും അദ്ദേഹം പറഞ്ഞു. പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ച്ചയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം തോന്നാറുണ്ട്. ഈ നിശബ്ദതയും നിങ്ങളുടെ ശൂന്യതയും എന്നെ കൊല്ലുകയാണ്. ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയാണ്. നിങ്ങൾക്കരികിലേക്ക് ഞാന്‍ വൈകാതെയെത്തും- ശാരദ കുറിച്ചു.
ശാരദ സിന്‍ഹയുടെ കരിയറില്‍ വലിയൊരു ശക്തിയായി നിന്നത് ഭര്‍ത്താവ് ബ്രജ് കിഷോര്‍ സിന്‍ഹയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടടോബര്‍ 25-നാണ് ശാരദയെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2017ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം ശാരദയ്ക്ക് സ്ഥിരീകരിച്ചത്. കലാരംഗത്ത് ശാരദ നല്കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018-ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദ സിന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]