
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിൻ്റെ വായ്പയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളം. നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഫണ്ട് തിരിച്ചടക്കേണ്ടി വന്നാൽ 12000 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാകുക.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യ ഘട്ടത്തിനായി ചിലവാകുന്ന 8867 കോടി രൂപയിൽ 5595 കോടി രൂപയാണ് സംസ്ഥാന വിഹിതം. 817. 80 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായും നൽകണം. ഈ തുക സംസ്ഥാനത്തിന് നൽകുന്ന വായ്പയാക്കി മാറ്റാനാണ് കേന്ദ്ര തീരുമാനം. എംപർ കമ്മറ്റി യോഗത്തിൻ്റെ മിനിറ്റ്സ് പുറത്ത് വന്നതോടെയാണ് കേന്ദ നീക്കം തിരിച്ചറിയുന്നതും കേരളം പ്രതിരോധിക്കുന്നതും. വ്യവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനത്തിന് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് കത്തിൽ മുഖ്യമന്ത്രി പറയുന്നു. പതിനായിരം കോടി മുതൽ പന്ത്രണ്ടായിരം കോടി വരെ അധിക ബാധ്യത വരുമെന്നാണ് സംസ്ഥാനത്തിൻ്റെ വിലയിരുത്തൽ. വിഴിഞ്ഞത്തിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന അധിക വരുമാനം കൂടി വിശദീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കത്ത്. തൂത്തുക്കുടി തുറമുഖത്തെ വായ്പ തിരിച്ചടവിൽ നിന്ന് ഒഴിവാക്കിയ കാര്യവും കേരളം ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]