
മുംബൈ ∙ അപ്രതീക്ഷിതമായ രണ്ടു തോൽവികൾ, വർഷങ്ങൾക്കു ശേഷം ഒരു പരമ്പര നഷ്ടം; കിരീടവും ചെങ്കോലും നഷ്ടമായ ഇന്ത്യയ്ക്ക് ഇനി ന്യൂസീലൻഡിനെതിരെ ഒഴിവാക്കാനാവുന്നത് ഒരു കാര്യം മാത്രം; സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര സമ്പൂർണമായി അടിയറ വയ്ക്കുക എന്ന നാണക്കേട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നു മൂന്നാം ടെസ്റ്റിനിറങ്ങുമ്പോൾ ഓസ്ട്രേലിയൻ പരമ്പരയ്ക്കു മുൻപ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നില ഭദ്രമാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും മനസ്സിലുണ്ടാകും.
രാവിലെ 9.30നാണ് മത്സരത്തിനു തുടക്കം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തൽസമയം കാണാം. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ന്യൂസീലൻഡ് പരമ്പര 2–0നു സ്വന്തമാക്കിക്കഴിഞ്ഞു.
∙ പേസോ ബൗൺസോ?
പേസ് കരുത്തിൽ ബെംഗളൂരുവിലെ ആദ്യ ടെസ്റ്റ് കിവീസ് ജയിച്ചതോടെ പുണെയിൽ സ്പിൻ വിക്കറ്റാണ് ഇന്ത്യ ഒരുക്കിയത്. എന്നാൽ ആ കുരുക്കിൽ ഇന്ത്യ തന്നെ വീണു. 13 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറുടെ മികവിൽ സന്ദർശകർ നേടിയത് 113 റൺസിന്റെ ഉജ്വല ജയം. വാങ്കഡെയിലെ വരണ്ട മണ്ണിൽ പന്ത് നേരത്തേതന്നെ ടേൺ ചെയ്തു തുടങ്ങും എന്നതിനാൽ സ്പിന്നർമാരുടെ പ്രകടനം ഇത്തവണയും നിർണായകമാകും.
കളിയുടെ തുടക്കത്തിൽ പേസർമാർക്കും സ്പിന്നർമാർക്കും ഒരു പോലെ മികച്ച ബൗൺസ് ലഭിക്കുകയും ചെയ്യും എന്നാണ് പ്രവചനം. കിവീസ് സ്പിന്നർ അജാസ് പട്ടേൽ 2021ൽ ഇന്ത്യയ്ക്കെതിരെ ഒരു ഇന്നിങ്സിൽ പത്തിൽ 10 വിക്കറ്റും വീഴ്ത്തിയത് വാങ്കഡെയിലാണ്.
∙ ബുമ്രയ്ക്ക് വിശ്രമം
ഓസ്ട്രേലിയൻ പരമ്പര മുന്നിൽക്കണ്ട് ഇന്ത്യ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകാൻ സാധ്യത. ബുമ്ര ഇന്നലെ നെറ്റ്സിൽ പരിശീലനത്തിനിറങ്ങിയില്ല. കുൽദീപ് യാദവോ മുഹമ്മദ് സിറാജോ ബുമ്രയ്ക്കു പകരം പ്ലേയിങ് ഇലവനിൽ ഇടംപിടിക്കും. ന്യൂസീലൻഡ് ടീമിൽ പരുക്കു മാറിയ പേസർ മാറ്റ് ഹെൻറി തിരിച്ചെത്തും. ഇതോടെ ടിം സൗത്തിക്ക് വിശ്രമം അനുവദിച്ചേക്കും.
∙ വൈറ്റ് വാഷ് വെല്ലുവിളി
മൂന്നോ അതിൽ കൂടുതലോ മത്സരങ്ങളുള്ള ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനു മുൻപ് സ്വന്തം മണ്ണിൽ സമ്പൂർണമായി പരാജയപ്പെട്ടിട്ടില്ല. എന്നാൽ 1999–2000 സീസണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടു മത്സര പരമ്പര 2–0ന് അടിയറ വച്ചിരുന്നു.
English Summary:
India vs New Zealand, 3rd Test, Day 1 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]