
കൊൽക്കത്ത ∙ കനത്ത മഴ മൂലം ഒന്നര ദിവസത്തോളം വൈകി ആരംഭിച്ച മത്സരത്തിൽ 83 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ച, പിന്നീട് കരുത്തോടെയുള്ള തിരിച്ചുവരവ്, അർധസെഞ്ചറിയുമായി 7, 8, 9 നമ്പർ ബാറ്റർമാർ, ഏഴാം വിക്കറ്റിലും എട്ടാം വിക്കറ്റിലും സെഞ്ചറി കൂട്ടുകെട്ട്! ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കൂട്ടത്തകർച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചുവരവു നടത്തിയ കേരളം ഒടുവിൽ മികച്ച സ്കോറിൽ.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 356 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. എട്ടാമനായി ക്രീസിലെത്തിയ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു.
262 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് സൽമാൻ നിസാർ 95 റൺസെടുത്തത്. സൽമാൻ നിസാറിനു പുറമേ, അർധസെഞ്ചറികളുമായി ടീമിന്റെ തിരിച്ചുവരവിന് കരുത്തുപകർന്നത് അതിഥി താരം ജലജ് സക്സേന (84), വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ (84) എന്നിവർ.
സക്സേന 162 പന്തിൽ 12 ഫോറുകളോടെയും അസ്ഹറുദ്ദീൻ 97 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതവുമാണ് 84 റൺസ് വീതമെടുത്തത്. ആറാം നമ്പറിൽ ബാറ്റിങ്ങിനെത്തി 72 പന്തിൽ ആറു ഫോറുകളോടെ 31 റൺസെടുത്ത അക്ഷയ് ചന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായി.
ഒരു ഘട്ടത്തിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തിന്, ഏഴാം വിക്കറ്റിൽ ജലജ് സക്സേനയ്ക്കൊപ്പവും എട്ടാം വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പവും സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് സൽമാൻ നിസാർ രക്ഷകനായത്. ഏഴാം വിക്കറ്റിൽ സൽമാൻ – സക്സേന സഖ്യം 325 പന്തിൽ അടിച്ചുകൂട്ടിയത് 140 റൺസ്.
പിന്നീട് എട്ടാം വിക്കറ്റിൽ സൽമാൻ – അസ്ഹറുദ്ദീൻ സഖ്യം 184 പന്തിൽ 124 റൺസും കൂട്ടിച്ചേർത്തതോടെയാണ് കേരളം മികച്ച നിലയിലെത്തിയത്. 22 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 23 റൺെസടുത്ത ഓപ്പണർ രോഹൻ എസ്.
കുന്നുമ്മലിന്റെ പ്രകടനവും ശ്രദ്ധേയമായി. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), ബാബ അപരാജിത് (0), ആദിത്യ സർവതെ (എട്ടു പന്തിൽ അഞ്ച്), ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), എം.ഡി.
നിധീഷ് (0) എന്നിവർ നിരാശപ്പെടുത്തി. ബംഗാളിനായി പേസ് ബോളർ ഇഷാൻ പോറൽ ആറു വിക്കറ്റ് വീഴ്ത്തി.
30 ഓവറിൽ 103 റൺസ് വഴങ്ങിയാണ് പോറൽ ആറു വിക്കറ്റ് സ്വന്തമാക്കിയത്. മുഹമ്മദ് കൈഫ് 16 ഓവറിൽ 61 റൺസ് വഴങ്ങിയും പ്രദീപ്ത പ്രമാണിക്ക് 31 ഓവറിൽ 61 റൺസ് വഴങ്ങിയും സൂരജ് സിന്ധു ജയ്സ്വാൾ 21 ഓവറിൽ 62 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
English Summary:
Bengal vs Kerala, Ranji Trophy 2024-25 Elite Group C Match, Day 4 – Live Cricket Score
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]