
ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകളിലൂടെയും റീലുകളിലൂടെയും ടോളിവുഡിലെ നായികയായ കഥയാണ് നീലേശ്വരം സ്വദേശി സങ്കീര്‍ത്തന വിപിന്‍ പങ്കുവെയ്ക്കാനുള്ളത്.ഒക്ടോബര്‍ 12-മുതല്‍ തിയേറ്ററുകള്‍ നിറഞ്ഞോടുന്ന തെലുങ്ക് ചലച്ചിത്രം ജനക ഐതേ ഗണകയുടെ വിജയാഹ്ലാദത്തിലാണ് ഇപ്പോള്‍ സങ്കീര്‍ത്തന. അപ്രതീക്ഷിതമായി സിനിമയിലെത്തുകയും നാല് വര്‍ഷത്തിനുള്ളില്‍ മൂന്ന് ചിത്രങ്ങളുടെ നായികയായി മാറിയ സങ്കീര്‍ത്തന അഭിനയം തന്റെ ജീവിതവഴിയായി തിരഞ്ഞെടുത്തു കഴിഞ്ഞു.
ചെറിയ വേഷത്തില്‍ നിന്ന് നായികയിലേക്ക്
2018- ല്‍ ഇറങ്ങിയ ഓട്ടോറിക്ഷയാണ് ആദ്യ ചലച്ചിത്രം. ചെറിയ വേഷമാണെങ്കിലും മാതാപിതാക്കളുടെ താത്പര്യത്തിന് വഴങ്ങിയാണ് അന്ന് സിനിമയില്‍ അഭിനയിച്ചത്. അച്ഛന് മുന്‍പ് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സംഗീതാധ്യാപകനാണ്. അനിയത്തി സ്കൂള്‍ കാലോത്സവങ്ങളില്‍ മോണോആക്ടും സിനിമകളില്‍ ചെറിയ റോളുകളും ചെയ്യുമായിരുന്നു. എന്നാല്‍ അതിലൊന്നും ഭാഗമാകാതെ സ്കൂള്‍ പഠനം മാത്രമായി നടക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഇറങ്ങിയതോടെ അഭിനയം എന്തുകൊണ്ട് ഗൗരവമായി എടുത്തുകൂടായെന്ന് ചിന്തിച്ചു. ശ്രദ്ധിക്കപ്പെടുവാനായി ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അത് കണ്ടിട്ടാണ് 2020-ല്‍ ‘നരകാസുര’ എന്ന തെലുങ്ക് സിനിമയില്‍ നിന്ന് ക്ഷണം വരുന്നത്. അതിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു. നാട്ടിന്‍പുറത്തെ വീട്ടമ്മ വീരമണിയായി വലിയ സ്വീകാര്യത ലഭിച്ചു.
സിനിമ കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്.
പിന്നീട് അസുരഗുണരുദ്ര എന്ന സൈക്കോ ത്രില്ലര്‍ ചെയ്തു. അത് റിലീസിങ്ങിനായി ഒരുങ്ങുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങിയ ‘കാടുവെട്ടി’ എന്ന തമിഴ് സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെയും ചെയ്തു. ‘ഓപ്പറേഷന് രാവണ്‍’ എന്ന ത്രില്ലര്‍ സിനിമയായിരുന്നു അടുത്തത്. നരഗാസുരനിലെ നായകനായിരുന്ന രക്ഷിത് തന്നെയായിരുന്നു ഇതിലേയും നായകന്. അദ്ദേഹത്തിലൂടെയായിരുന്നു ഈ സിനിമ കിട്ടിയത്.
തെലുങ്ക് ഇപ്പോള്‍ ലളിതം
പരിചിതമല്ലാത്ത ഭാഷയായിരുന്നു തെലുങ്ക്. സെറ്റിലുള്ള മലയാളികളുടെ സഹായത്തോടെയായിരുന്നു ആദ്യ സിനിമയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവിടെയുള്ളവരോട് സംസാരിച്ചത്. ഇപ്പോള്‍ തെലുങ്കും പഠിച്ചു. എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന, ലളിതമായ ഭാഷയാണ് തെലുങ്കെന്നാണ് തോന്നിയത്.
ജനക ഐതേ ഗണക
സന്ദീപ് റെഡ്ഡി ബന്ദ്ല സംവിധാനം ചെയ്ത ഹാസ്യ, കുടുംബച്ചിത്രമാണ് ജനക ഐതേ ഗണക. തെലുങ്കിലെ മുന്‍നിര നായകരില്‍ പ്രധാനിയായ സുഹാസാണ് നായകന്. ഹരിത എന്ന നായിക കഥാപാത്രമാണ് ഇതില്‍ ചെയ്തത്. മുഴുനീള കഥാപാത്രമായതിനാല്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യണം
ആദ്യ സിനിമയായ ഓട്ടോറിക്ഷയും ധ്യാന്‍ ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിഗ്വിറ്റയുമാണ് മലയാളത്തില്‍ ചെയ്തവ. രണ്ടിലും ചെറിയ വേഷങ്ങളായിരുന്നു. സ്ക്രീന്‍ സ്പേസും കുറവ്. കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും ചെയ്യണമെന്നതാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
അച്ഛന് വിപിന്‍ രാഗവീണയും അമ്മ സീമ വിപിനും സഹോദരി ദേവാംഗന വിപിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]