
ചരിത്രത്തിൽ ഓർമിക്കപ്പെടേണ്ട ദിവസങ്ങളുമായി ബന്ധപ്പെട്ട് ഡൂഡിലുകളൊരുക്കാറുണ്ട് ഗൂഗിൾ. വെള്ളിയാഴ്ചയും ഗൂഗിൾ അത്തരത്തിലൊന്ന് തയ്യാറാക്കി. സംഗീതാസ്വാദകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകൻ, അകാലത്തിൽ വിടപറഞ്ഞ കെ.കെയ്ക്ക് ആദരമർപ്പിച്ചുള്ളതാണ് പുതിയ ഡൂഡിൽ. കെ.കെ സിനിമാ സംഗീതലോകത്തേക്ക് കാലെടുത്തുവെച്ചിട്ട് 28 വർഷം പൂർത്തിയായതുമായി ബന്ധപ്പെട്ടാണ് ഈ ആദരം.
1996 ഒക്ടോബർ 25-നാണ് ഗുൽസാർ സംവിധാനംചെയ്ത മാച്ചിസ് എന്ന ചിത്രത്തിലൂടെ കെ.കെ. സംഗീതലോകത്ത് വരവറിയിക്കുന്നത്. ഛോഡ് ആയേ ഹം ആയിരുന്നു ആദ്യഗാനം. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളിയാണെങ്കിലും രണ്ട് ഗാനങ്ങളാണ് മാതൃഭാഷയിൽ അദ്ദേഹം ആലപിച്ചിട്ടുള്ളൂ.
കെ.കെയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ തയ്യാറാക്കിയ ഡൂഡിൽ
‘പല്’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.
തമിഴില്‍ മിന്‍സാര കനവിലെ സ്ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന് ഉയിരേ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നവയാണ്. ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിനു മുമ്പ് 3500-ല്‍ അധികം ജിംഗിളുകള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്. ടിവി സീരിയലുകള്‍ക്കായും പാടി. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം കേരളത്തില്‍ ഏറെ ശ്രദ്ധ നേടി. ‘സമാര’യാണ് മലയാളത്തിൽ അവസാനം പാടിയ ഗാനം.
പെപ്സിയുടെ ദിൽ മാംഗേ മോർ എന്ന എക്കാലത്തെയും ഹിറ്റ് ജിങ്കിളിന്റെ ശബ്ദം കെ.കെയുടേതായിരുന്നു. ഹീറോ ഹോണ്ടയുടെ ദേശ് കീ ധഡ്കൻ, ഹിപ് ഹിപ് ഹുറേ, കോൾഗേറ്റ് ജെൽ തുടങ്ങിയ ജിങ്കിളിലൂടെ മിനി സ്ക്രീനിന് നേരത്തേ തന്നെ കെകെയുടെ ശബ്ദം സുപരിചിതമായിരുന്നു.
2022-ലായിരുന്നു ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കെ.കെ അപ്രതീക്ഷിതമായി വിടപറഞ്ഞത്. കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തിയിരുന്നു. എന്നാൽ അവസ്ഥ വഷളായതോടെ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]