തിരുവനന്തപുരം ∙ രാജ്യത്ത് വർഷം 1000 ടൺ സ്വർണം ക്രയവിക്രയം ചെയ്യുന്നതിൽ 30 ശതമാനവും കേരളത്തിലായിരിക്കെ, ഇതിൽ നിന്നുള്ള നികുതി വരുമാനത്തിന്റെ കണക്കു പോലും കയ്യിലില്ലാതെ സംസ്ഥാന സർക്കാർ. 2016 മുതൽ 2024 വരെ സ്വർണ വിൽപനയിലൂടെ ലഭിച്ച നികുതി എത്രയാണെന്നുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് കണക്കു ലഭ്യമല്ലെന്നായിരുന്നു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിയമസഭയിലെ മറുപടി.
ജിഎസ്ടി റിട്ടേൺ സംവിധാനത്തിൽ ആകെ വിറ്റുവരവാണ് കണക്കാക്കുന്നതെന്നും ഇതിൽ സ്വർണ വിൽപനയിലൂടെ മാത്രമുള്ള വരുമാനം കൃത്യമായി അറിയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, 2023 മാർച്ചിൽ നിയമസഭയിൽ എ.പി.അനിൽകുമാറിന് നൽകിയ ഉത്തരത്തിൽ 2017 മുതൽ 2022 വരെ സ്വർണത്തിൽ നിന്നുള്ള നികുതിയുടെ കണക്കുകൾ മന്ത്രി നൽകിയിട്ടുമുണ്ട്. അന്നു കണക്കുണ്ടെങ്കിൽ ഇപ്പോൾ കണക്കില്ലാത്തത് എന്താണെന്നാണു ചോദ്യം. 2021–22ൽ 560.91 കോടിയാണ് സ്വർണ നികുതിയിൽനിന്നു വരുമാനമായി ലഭിച്ചത്. 2022–23 ഒക്ടോബർ വരെ 383 കോടിയെന്നും സർക്കാർ വ്യക്തമാക്കി. പക്ഷേ, 2024ൽ ഇൗ വിവരങ്ങൾ ലഭ്യമല്ല. ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപ് 2016–17 വരെ 700 കോടി രൂപ വരെ വർഷം സ്വർണത്തിൽ നിന്നു നികുതി സർക്കാരിനു ലഭിച്ചിരുന്നു. സ്വർണവില വർധിച്ചിട്ടും നികുതി വരുമാനം കുറയുന്നതാണ് അമ്പരപ്പിക്കുന്നത്.
കേരളത്തിലെ വാർഷിക സ്വർണ ഉപയോഗം 200 മുതൽ 300 ടൺ വരെയെന്നാണു കണക്ക്.
എന്നാൽ ഈ നടക്കുന്ന കച്ചവടത്തിന്റെ 65 ശതമാനവും നികുതിവലയ്ക്കു പുറത്താണ്. സർക്കാർ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കനുസരിച്ച് 2022 -23ൽ സ്വർണക്കച്ചവടത്തിന്റെ വിറ്റുവരവ് 1,01,668 കോടിയാണ്. 2016 ൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 2,820 രൂപ ആയിരുന്നപ്പോൾ 653 കോടി നികുതി ലഭിച്ചു. ഇപ്പോൾ ഒരു ഗ്രാമിന് 7,258 ആയിട്ടും സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി 350 കോടി മാത്രം.
ഇ വേ ബില്ലും നടപ്പായില്ല
തിരുവനന്തപുരം ∙ ജിഎസ്ടി നടപ്പാക്കിയപ്പോൾ വരുമാനം കുറഞ്ഞെങ്കിലും കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമായെന്നാണു റിപ്പോർട്ടുകൾ. കേരളം തന്നെ മുൻകൈയെടുത്ത് ഇ വേ ബിൽ കൊണ്ടുവന്നാൽ സ്വർണത്തിൽ നിന്നുള്ള ജിഎസ്ടി വരുമാനം വർധിക്കുമെന്ന നിർദേശം വച്ചു. ജിഎസ്ടി കൗൺസിൽ കേരള നിർദേശം അംഗീകരിച്ചു 2023ൽ ഉത്തരവിറക്കിയെങ്കിലും കേരളം ഇതുവരെ ഇ വേ ബിൽ നടപ്പാക്കിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]