
.news-body p a {width: auto;float: none;}
മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കരുതൽ തടങ്കലിലാക്കപ്പെട്ട വ്യക്തിക്ക് രാസ ലഹരി കൈവശം വച്ച കേസിൽ 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി സ്വദേശിയായ അഷ്കർ അഷറഫ് (26) നെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അൻവർഷാ (23), അഫ്സൽ അലിയാർ (22) എന്നിവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ 10 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
01.05.2023 നാണ് കേസിനാസ്പദമായ സംഭവം. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് പാലായിൽ വച്ചാണ് 76.9366 ഗ്രാം മെത്താംഫിറ്റമിൻ, 0.1558 മില്ലീ ഗ്രാം (9 എണ്ണം) LSD സ്റ്റാമ്പ് എന്നിവയുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അഷ്കർ അഷറഫ് മുൻപ് കഞ്ചാവ് കേസിൽ പ്രതിയാവുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങി വിചാരണ നേരിടുമ്പോളാണ് വീണ്ടും രാസ ലഹരിയുമായി പിടിയിലായത്. സംസ്ഥാനത്ത് ആദ്യമായി എക്സൈസ് മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുറ്റം ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ച മയക്കുമരുന്ന് കടത്തുകാരനാണ് ഇയാൾ.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു കേസിന്റെ അന്വേഷണവും കരുതൽ തടങ്കൽ നടപടികളും നടന്നത്. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ആർ.രാജേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ബഹു.തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]