
രാമായണം സിനിമയാക്കുമെന്ന് ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി പ്രഖ്യാപിച്ചതുമുതൽ ചിത്രത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയുമാണ് എത്തുന്നതെന്ന് നേരത്തേതന്നെ വാർത്തകൾ വന്നിരുന്നു. എങ്കിലും രാവണനായി ആരാണെത്തുക എന്ന ചോദ്യം ഉയർനിന്നു. ഇപ്പോഴിതാ അതിന് ഒരുത്തരമായിരിക്കുകയാണ്.
കന്നഡ സൂപ്പർതാരം യഷ് ആണ് രാവണനായെത്തുക. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ യഷ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുപോലെ വലിയൊരു ബജറ്റിൽ ഒരു സിനിമ നിർമ്മിക്കാൻ, അത്തരം അഭിനേതാക്കൾ ഒരുമിച്ച് വന്ന് പ്രോജക്റ്റിനായി പ്രവർത്തിക്കേണ്ടതുണ്ട്. അത് നിങ്ങൾക്കും നിങ്ങളുടെ താരപരിവേഷത്തിനും അപ്പുറമായിരിക്കണം. ചിത്രത്തിൻ്റെ സഹനിർമ്മാണത്തിന് താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
“രാവണന്റേത് മോഹിപ്പിക്കുന്ന കഥപാത്രമാണ്. മറ്റൊരു കാരണവുംവേണ്ട അത് ചെയ്യാൻ. രാമായണത്തിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന വേറൊരു വേഷവുമില്ല. ഏതൊരു നടനേയും കൊതിപ്പിക്കുന്ന വേഷമാണ് രാവണന്റേത്. ആ പ്രത്യേക കഥാപാത്രത്തിൻ്റെ ഷേഡുകളും സൂക്ഷ്മതകളും എനിക്ക് ശരിക്കും ഇഷ്ടമാണ്. വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ ധാരാളം സാധ്യതകളുള്ള വേഷമാണത്. നടനെന്ന നിലയിൽ ഞാൻ ആവേശഭരിതനാണ്.” യഷ് കൂട്ടിച്ചേർത്തു.
രാമായണത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. നേരത്തേ രൺബീറും സായി പല്ലവിയും ഉൾപ്പെടുന്ന ഒരു ലൊക്കേഷൻ ചിത്രം ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കഴിഞ്ഞിട്ടില്ല. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് ആണ് യഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]