
ഡൽഹി: ഗുരുഗ്രാമിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലർച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾക്കും. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തർക്കത്തിനിടെ വെടിയുതിർത്ത കപിൽ എന്ന യുവാവിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാൾ ഡൽഹി സ്വദേശിയാണ്. ഗുരുഗ്രാമം അഞ്ജന കോളനിയിൽ താമസിക്കുന്ന വിക്കി എന്നയാളെ അന്വേഷിച്ച് ഞായറാഴ്ച രാത്രി കപിൽ ഈ പ്രദേശത്ത് എത്തി. കപിലിന് വിക്കിയുടെ ബന്ധുവായ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്കിയും സഹോദരൻ ദിനേശും കപിലുമായി സംസാരിക്കാൻ തുടങ്ങി. സംസാരം പിന്നീട് രൂക്ഷമായ വാദപ്രതിവാദത്തിലേക്കും തർക്കങ്ങളിലേക്കും എത്തി.
ഇതിനിടെ കപിൽ തോക്കെടുത്ത് ദിനേശിന് നേരെ വെടിയുതിർത്തു. എന്നാൽ അൽപം അകലെ നിൽക്കുകയായിരുന്ന ദിനേശിന്റെ ഡ്രൈവർ അമിതിന്റെ ശരീരത്തിലാണ് വെടിയേറ്റത്. ഇയാളുടെ കാലിൽ വെടിയുണ്ട തുളച്ചുകയറി. ഉടൻ ആശുപത്രിയിൽ എത്തിച്ച് അമിതിന് ചികിത്സ നൽകി. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കപിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി സെക്ടർ 10എ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്ദീപ് കുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]