
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീൻ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനൻ. പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടിട്ടും കണ്ണൂർ കളക്ടർ എഡിഎമ്മിൻ്റെ വിടുതൽ വൈകിച്ചു. വെള്ളിയാഴ്ച നവീൻ ബാബു നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നു. അവസാന നിമിഷം മാറ്റേണ്ടി വന്നുവെന്നും മോഹനൻ കുറ്റപ്പെടുത്തി. അതിനിടെ എഡിഎമ്മിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു.
താൻ വിരമിക്കുകയല്ല, സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കി യാത്രയയപ്പ് യോഗം വേണ്ടെന്ന് എഡിഎം പറഞ്ഞതാണെന്ന് മലയാലപ്പുഴ മോഹനൻ പറഞ്ഞു. നിർബന്ധിച്ചാണ് പരിപാടി നടത്തിയത്. കണ്ണൂർ കളക്ടർക്കും എഡിഎമ്മിനും അസൗകര്യം ഇല്ലാതിരുന്നിട്ടും രാവിലെ നിശ്ചയിച്ച യാത്രയയപ്പ് പരിപാടി വൈകിട്ടേക്ക് മാറ്റി. അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അവധി പോലും നൽകാതെ എഡിഎമ്മിനോ കളക്ടർക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പി.പി ദിവ്യയോട് മാനുഷിക പരിഗണന വെച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് മൃദുസമീപനം ഉണ്ടാവാം. പ്രശാന്തൻ്റെ പെട്രോൾ പമ്പിന്റെ ബിനാമി ബന്ധം സംബന്ധിച്ച ആരോപണം അടക്കം അന്വേഷണത്തിൽ പുറത്തുവരുമെന്നും മോഹനൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]