
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന നൈജീരിയൻ പൗരൻ അറസ്റ്റിൽ. നാൽപത്തിയഞ്ചുകാരനായ ഉക്കുവ്ഡിലി മിമ്രി ആണ് കൊല്ലം കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. കൂട്ടുപ്രതിയായ ടാൻസാനിയൻ പൗരനും രണ്ട് മലയാളികളും നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ പൗരനായ ഉക്കുവ്ഡിലി മിമ്രി. മുംബൈ എയർപോർട്ടിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട മരുതൂർകുളങ്ങര സ്വദേശി രാഹുൽ 30 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് കൂടുതൽ സംഘാംഗങ്ങളെ കുറിച്ച് മനസിലാക്കി.
തുടർന്ന് കഴിഞ്ഞയാഴ്ച രാഹുലുമായി ബംഗളൂരുവിൽ എത്തിയ പൊലീസ് സംഘം ടാൻസാനിയ സ്വദേശിയായ ഇസ അബ്ദുനാസർ അലി, സുജിത്ത് എന്നിവരെ പിടികൂടി. വിശദമായ അന്വേഷണത്തിലാണ് ഇവരുടെ സംഘത്തിൽ നൈജീരിയക്കാരനായ ഉക്കുവ്ഡിലി മിമ്രിയും ഉണ്ടെന്ന് കണ്ടെത്തിയത്. ഇയാൾ ബാംഗളൂരുവിൽ നിന്നും മുംബൈ വഴി നൈജീരിയയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. രഹസ്യ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. മറ്റ് പല സംസ്ഥാനങ്ങളിലേക്കും പ്രതികൾ ലഹരി മരുന്ന് കടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]