
ആഗോളതലത്തിൽ ഗൗരവമായി സിനിമ ചർച്ചചെയ്യപ്പെടുന്ന ‘ലെറ്റർബോക്സ്ഡ്’ എന്ന പ്ലാറ്റ്ഫോമിൻ്റെ 2024ലെ മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മലയാള ചിത്രം ‘ഭ്രമയുഗം’ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ തന്നെ ചെറിയൊരു ഇൻഡസ്ട്രിയാണ് മലയാളം. 28 കോടിക്കടുത്തുമാത്രം ബജറ്റുള്ള ചിത്രം മില്യൺ ഡോളറുകൾ ചെലവഴിച്ച് നിർമ്മിച്ച മറ്റു സിനിമകൾക്കിടയിൽ പ്രേക്ഷകപ്രീതി നേടിയത് കണ്ടൻ്റിൻ്റെ മേന്മകൊണ്ടാണെന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞത്.
‘ഇൻ്റർനാഷണല് ഹൊറർ ഴോണറിൽ ഭ്രമയുഗം ഉൾപ്പെട്ടത് സന്തോഷമുള്ള കാര്യമാണ്. ബജറ്റ് മലയാള സിനിമയ്ക്ക് എന്നും ഒരു പരിമിതിയാണ്. എന്നാൽ ഭ്രമയുഗത്തിനായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വന്നിട്ടില്ല. സംവിധായകൻ എത്രമാത്രം സിനിമയെ മനസിൽ വിഷ്വലൈസ് ചെയ്താലും പ്രൊഡക്ഷൻ്റെ പിന്തുണയില്ലാതെ കാര്യമില്ല. എന്താണോ സിനിമയ്ക്ക് വേണ്ടത് അത് കൊടുത്തിട്ടുണ്ട്. നൂറു കോടി ഉണ്ടായിരുന്നെങ്കിലും ഭ്രമയുഗം ആവശ്യപ്പെടുന്നതേ അതിനു കൊടുക്കേണ്ടതുള്ളൂ. ബജറ്റിനപ്പുറമാണ് ഇന്ന് സിനിമ എന്ന കോൺസെപ്റ്റ്. നല്ല കഥകൾ പറയുകയാണ് പ്രധാനം. മലയാളത്തിൽ നമ്മുടെ സാംസ്കാരത്തിൽ വേരൂന്നിയ ഒരു നാടോടിക്കഥ പറഞ്ഞു. ബജറ്റിനേക്കാൾ കണ്ടൻ്റ് കൊണ്ടാണ് സിനിമ അന്താരാഷ്ട്ര കാഴ്ചക്കാർക്കിടയിലും സ്വീകാര്യമായത്.’ ഇൻ്റർനാഷ്ണൽ ഓഡിയൻസ് മലയാള സിനിമയെ ഇത്രത്തൊളം ശ്രദ്ധിക്കുന്നത് ഭാവിയിൽ ഇൻ്റസ്ട്രിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായവും രാഹുൽ സദാശിവൻ പങ്കുവച്ചു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമാണ് ലെറ്റർബോക്സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഇവർ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകൾ വലിയ ശ്രദ്ധ നേടാറുണ്ട്. ഹോളിവുഡ് ചിത്രം ‘ദ സബ്സ്റ്റൻസ്’ ആണ് ലോകത്തിലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജാപ്പനീസ് ചിത്രം ‘ചിമേ’, തായ്ലന്റ് ചിത്രം ‘ഡെഡ് ടാലന്റസ് സൊസൈറ്റി’, അമേരിക്കൻ ചിത്രങ്ങളായ ‘യുവർ മോൺസ്റ്റർ’, ‘ഏലിയൻ’, ‘സ്ട്രേഞ്ച് ഡാർലിങ്’, ‘ഐ സോ ദ ടിവി ഗ്ലോ’, ഡാനിഷ് ചിത്രം ‘ദ ഗേൾ വിത്ത് ദ നീഡിൽ’, കൊറിയൻ ചിത്രം ‘എക്സ്ഹ്യൂമ’ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു ചിത്രങ്ങൾ. ബോളിവുഡ് ചിത്രം ‘സ്ത്രീ 2’ ആദ്യ 25ലും ഇടം പിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]