തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank/SIB) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടു. മൊത്തം വായ്പകൾ (Gross Advances) മുൻവർഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയിൽ നിന്ന് 13.07% വളർന്ന് 84,741 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊത്തം നിക്ഷേപം (Total Deposit) 97,085 കോടി രൂപയിൽ നിന്ന് 1.05 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു; 8.62 ശതമാനമാണ് വർധന. മൊത്തം ബിസിനസ് (Total Business) മുൻവർഷത്തെ സമാനപാദത്തിലെ 1.72 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.90 ലക്ഷം കോടി രൂപയിലുമെത്തി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 7.98% വർധിച്ച് 33,583 കോടി രൂപയായി. മുൻവർഷത്തെ സെപ്റ്റംബർ പാദത്തിൽ ഇത് 31,100 കോടി രൂപയായിരുന്നു. അതേസമയം, കാസ അനുപാതം (CASA Ratio) 0.18% കുറഞ്ഞത് പോരായ്മയായി. 32.03 ശതമാനത്തിൽ നിന്ന് 31.85 ശതമാനമായാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ഇത് 32.08 ശതമാനമായിരുന്നു.
ഓഹരികളുടെ പ്രകടനം
കഴിഞ്ഞവർഷം ഒക്ടോബർ 26ലെ 21.34 രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ താഴ്ച. ഈ വർഷം ഫെബ്രുവരി രണ്ടിലെ 37.18 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇന്നലെ വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത് 0.04% നേട്ടവുമായി 24.59 രൂപയിൽ.
കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 3.35 ശതമാനവും ഒരുവർഷത്തിനിടെ 9.6 ശതമാനവും കുറയുകയാണുണ്ടായത്. അതേസമയം, കഴിഞ്ഞ 5 വർഷത്തെ വളർച്ച 130 ശതമാനം. 4.92 രൂപയിൽ നിന്നാണ് ഇക്കാലയളവിൽ വില 38 രൂപയിലേക്ക് ഉയർന്നത്. എൻഎസ്ഇയിൽ നിന്നുള്ള കണക്കുപ്രകാരം 6,433 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]