സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് നേരിയ ആശ്വാസവുമായി ഇന്നും വില കുറഞ്ഞു. ഗ്രാമിന് കേരളത്തിൽ ഇന്ന് 15 രൂപ താഴ്ന്ന് വില 7,080 രൂപയായി. 120 രൂപ കുറഞ്ഞ് 56,640 രൂപയാണ് പവൻ വില. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 5 രൂപയും പവന് 40 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 27ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമാണ് കേരളത്തിലെ റെക്കോർഡ് വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,860 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്ന് വ്യാപാരം.
രാജ്യാന്തര വിലയിൽ സമ്മർദ്ദം
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് ലാഭമെടുത്ത് മാറുന്നത് രാജ്യാന്തര വിലയും കുറയാനിടയാക്കുകയാണ്. കഴിഞ്ഞയാഴ്ച ഔൺസിന് 2,680 ഡോളറിന് മുകളിലായിരുന്ന വില ഇപ്പോഴുള്ളത് 2,654 ഡോളറിൽ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇടിഎഫ് ആയ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ നിക്ഷേപം മാത്രം കഴിഞ്ഞദിവസം 0.59% താഴ്ന്ന് 871.94 മെട്രിക് ടണ്ണിൽ എത്തിയിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച സൂചന യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് നൽകിയേക്കും. പലിശനിരക്ക് വീണ്ടും കുറച്ചാൽ അത് സ്വർണവില വർധിക്കാൻ വഴിയൊരുക്കും.
ജിഎസ്ടി ഉൾപ്പെടെ ഇന്നത്തെ വില
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ 61,323 രൂപ കൊടുത്താലേ ഇന്ന് ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,665 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]