
ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ സേനയ്ക്ക് ഒരു ലക്ഷ്യവും വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.
യെമനിലെ എണ്ണ കയറ്റുമതി ചെയ്യുന്ന തുറമുഖം ആക്രമിച്ചെന്ന് ഇസ്രായേൽ സേന അറിയിച്ചു. യെമനിലെ അടിസ്ഥാന സൗകര്യം, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളും ഇറാന്റെ ആയുധങ്ങളും കടത്താൻ ഹൂതികൾ ഉപയോഗിക്കുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഹൂതി ആരോഗ്യമന്ത്രാലയം അറിയിച്ചു.
യെമനിലെ ആക്രമണത്തിന് പിന്നാലെ ‘ഒരു ലക്ഷ്യവും ഞങ്ങൾക്ക് വിദൂരമല്ല’ എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്സിൽ കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഹൂതികൾ ഇസ്രായേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു. ഹിസ്ബുല്ല നേതാവായ ഹസൻ നസ്രല്ലയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഹൂതികൾ ആക്രമണം കടുപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]