കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് തന്നെയെന്ന് വ്യക്തമായി. സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമായാണ് ഷഹീൻ്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
നാഹി, പോൾ എന്നിവരെയാണ് തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോസ്റ്റൽ എസ്.പിയുടെ ഓഫീസിലെത്തിച്ച് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചെന്നും എസ്ഐടി വ്യക്തമാക്കി.
അതിനിടെ രണ്ട് യുവാക്കളെയും കാണാനില്ലെന്ന് കാട്ടി ഇവരുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു കമ്മീഷണർ പറഞ്ഞത്. ഇതോടെ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകാൻ കുടുംബം നീക്കം നടത്തുമ്പോഴാണ് എസ്ഐടി യുവാക്കളെ വിട്ടയക്കുകയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.
സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തന്നെ വിവിധ ഇടങ്ങളിലായാണ് നടൻ ഒളിവിൽ കഴിയുന്നത്. സുപ്രീം കോടതിയിൽ സിദ്ദിഖിന് ഹർജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാകും പരിഗണിക്കുക. സിദ്ദിഖ് ഇടയ്ക്കിടെ ഫോൺ ഓൺ ചെയ്ത് പൊലീസിന്റെ നിരീക്ഷണത്തിലെന്ന് സൂചന നൽകിയിരുന്നു. കുറച്ചധികം ദിവസം ഒളിവിൽ കഴിയാനുള്ള പണം ബാങ്കിൽ നിന്ന് നടൻ നേരത്തെ പിൻവലിച്ചിരുന്നതായാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലെ പത്രമാധ്യമങ്ങളിലടക്കം നടന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് നൽകിയെങ്കിലും നടനെ നിരീക്ഷിക്കുന്നതിലപ്പുറം അറസ്റ്റ് ഉടൻ വേണ്ടെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]