
കൊച്ചി∙ വെളിച്ചെണ്ണ വില കുതിക്കുന്നു. പൊതുവിപണിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വർധിച്ചത് 50 രൂപയോളം. ഓണത്തിനു മുൻപു കിലോഗ്രാമിനു 170–200 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ നിലവിൽ വിൽക്കുന്നത് 220–250 രൂപയ്ക്ക്. കൊപ്രയ്ക്കും വൻ വിലക്കയറ്റമാണ്. വെളിച്ചെണ്ണ ഉൽപാദകർ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാടു കൊപ്ര കിട്ടാനില്ലാതായതാണു വിലക്കയറ്റത്തിന്റെ മുഖ്യകാരണം. മുൻപു ലഭിച്ചിരുന്നതിന്റെ 25% കൊപ്ര മാത്രമാണു നിലവിൽ കിട്ടുന്നത്. ഇതോടെ, ചെറുകിട മില്ലുകളുൾപ്പെടെ സംസ്ഥാനത്തെ വെളിച്ചെണ്ണ ഉൽപാദകർ കടുത്ത പ്രതിസന്ധിയിലായി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വേനൽ കടുത്തതും കാര്യമായി മഴ ലഭിക്കാതിരുന്നതും ഉൽപാദനത്തെ ബാധിച്ചു. ഉത്തരേന്ത്യയിൽ ദീപാവലി, നവരാത്രി ആഘോഷങ്ങൾക്കു ചെരാതായി ഉപയോഗിക്കാൻ ഉണ്ടക്കൊപ്ര കൂടിയ വിലയ്ക്ക് അവിടേക്കു കയറ്റിവിടാൻ തുടങ്ങിയതും കേരളത്തിലെ വെളിച്ചെണ്ണ ഉൽപാദകരെ ബാധിച്ചിട്ടുണ്ട്. മുറിച്ചാൽ കൃത്യമായ വൃത്താകൃതി ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള രാജാപ്പൂർ ഉണ്ടക്കൊപ്രയാണു ഉത്തരേന്ത്യക്കാർ ചെരാതുകൾക്കായി ഉപയോഗിക്കുന്നത്. 15ന് വിപണിയിൽ കിലോഗ്രാമിനു 120 രൂപയ്ക്കു ലഭിച്ചിരുന്ന രാജാപ്പൂർ ഉണ്ടക്കൊപ്രയ്ക്കു 240 രൂപയായി.
നാളികേര ഉൽപാദനം കുറയുകയും വില കയറുകയും ചെയ്തതോടെ തമിഴ്നാട്ടിലെ വ്യാപാരികൾ കൈവശമുള്ള കൊപ്ര ഇതര സംസ്ഥാനങ്ങളിലേക്കു നൽകാൻ തയാറാകുന്നില്ല. തമിഴ്നാട്ടിൽ നിന്നു കൊപ്രയെടുക്കുന്നവർക്കു നിലവിൽ ലോഡ് ലഭിക്കുന്നില്ല. കൊപ്ര ലഭിച്ചാൽ തന്നെ വൻ വിലയ്ക്കു വാങ്ങണം. ഓണത്തിനു മുൻപു തമിഴ്നാട്ടിൽ നിന്നു കിലോഗ്രാമിനു 112 രൂപയ്ക്കു ലഭിച്ചിരുന്ന കൊപ്രയുടെ വില ഇന്നലെ 140 ആയി ഉയർന്നു. നികുതിക്കു പുറമേയാണിത്. വൻവില നൽകി കൊപ്ര വാങ്ങി വെളിച്ചെണ്ണ ഉൽപാദിപ്പിച്ചാലും നഷ്ടം മാത്രമാകും മിച്ചമെന്നു മില്ലുടമകൾ പറയുന്നു. സംസ്ഥാനത്തു നിന്നു പച്ചത്തേങ്ങ വാങ്ങി വെളിച്ചെണ്ണ ഉൽപാദിപ്പിച്ചിരുന്നവരും പ്രശ്നത്തിലാണ്. കാസർകോട്, പൊന്നാനി, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാര്യമായി തേങ്ങ കിട്ടാനില്ല.
സംസ്ഥാനത്തെ ഉൽപാദകർ സ്റ്റോക്ക് ഉണ്ടായിരുന്ന കൊപ്ര പൂർണമായും വെളിച്ചെണ്ണയാക്കി വിറ്റു. വ്യാപാരികൾ ഇത് ഏതാണ്ടു പൂർണമായും വിറ്റഴിക്കുകയും ചെയ്തു.
ഈ സ്ഥിതി തുടർന്നാൽ ഏപ്രിൽ വരെ വെളിച്ചെണ്ണ വില ഉയർന്നു നിൽക്കാനാണു സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]