മലയാള സിനിമയെ ഇനിയും സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കുയർത്താൻ സോംബി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന ചിത്രമാണ് മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്നത്. സ്റ്റോൺ, ദ മാൻ ഫ്രം ഹോങ്കോങ്, ഐറിഷ് മാൻ, മാഡ് മാക്സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ താരം റോജർ വാർഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ വയനാട് കാവുംമന്ദം സ്വദേശി നിർമൽ ബേബി വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡിസീസ് എക്സി’ന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. നിർമൽ ബേബിയും ബേബി ചൈതന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷാണ് നിർമൽ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ ഒരുക്കുന്നത്. നവംബർ അവസാനത്തോടെ ചിത്രീകരണം തുടങ്ങി അടുത്തവർഷം പകുതിയോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമമെന്ന് നിർമൽ ബേബി വർഗീസ് പറഞ്ഞു. കാസർകോട്, ചെന്നൈ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
നിർമൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, ഷലിൽ കല്ലൂർ, നിബിൻ സ്റ്റാനി, ആകാശ് ആര്യൻ, ഋതേഷ് അരമന, സുധാകരൻ തെക്കുമ്പാടൻ, ശ്യാം സലാഷ്, ആർ.ഡി. ഉദയാകാന്ത്, ഹർഷ വർഗീസ്, അരുൺ കുമാർ പനയാൽ, രഞ്ജിത് രാഘവ്, അഖിലേഷ് കുന്നൂച്ചി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ആർ.ഡി. ഉദയകാന്താണ് ചിത്രത്തിന്റെ തമിഴ് സംഭാഷണമൊരുക്കുന്നത്. അഭിലാഷ് കരുണാകരനാണ് ഛായഗ്രഹണം. കെ.ആർ. രഞ്ജിത്താണ് സംഗീത സംവിധാനം. ടൈംലൂപ്പ് ചിത്രമായ ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ് ഇന്ത്യയിൽ ബുക്ക് മൈഷോയിലൂടെയും ഇന്ത്യയ്ക്ക് പുറത്ത് ആമസോൺ പ്രൈമിലൂടെയും ഇപ്പോൾ കാണാൻ കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]