മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 53 മരണം. 51 പേരെ കാണാതായി. ഈ മാസം 9 മുതലാണ് മേഖലയിലെ പ്രമുഖ മാഫിയ സംഘമായ സിനലോവ കാർട്ടലിലെ ശത്രു ചേരികൾ തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. സിനലോവ കാർട്ടലിന്റെ സഹസ്ഥാപകൻ ഇസ്മായേൽ ‘ മായോ” സാംബാഡ ജൂലായിൽ യു.എസിൽ അറസ്റ്റിലായതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. സാംബാഡയെ സിനലോവ കാർട്ടലിനുള്ളിലെ ശത്രു വിഭാഗം കുടുക്കിയെന്നാണ് ആരോപണം. ഈ മാസം ആദ്യം മുതൽ വെടിവയ്പ് തുടരുന്നതിനാൽ സിനലോവയിലെ സാധാരണ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവരെ 40 പേർ അറസ്റ്റിലായി.