
ഹരിപ്പാട്: ആലപ്പുഴയിൽ ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തിൽ ഡി. അനൂപ്(51) ആണ് മരിച്ചത്. കാർത്തികപ്പളളി – കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാർ ശ്രദ്ധിച്ചത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ യാത്രക്കാരാണ് ഓടയിൽ ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ദിവാകരൻ. അമ്മ: പരേതയായ ജഗദമ്മ. ഭാര്യ: സിന്ധു. മക്കൾ: പവിത്ര, പവിഷ.
സമാനമായ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു. രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിൻ്റെ ബൈക്ക് കണ്ടിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും കിണറ്റിൽ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]