
ഇത്തവണത്തെ ഓണം റിലീസുകളായെത്തിയ ചിത്രങ്ങളിൽ മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനംചെയ്ത എ.ആർ.എം. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. ഇതിൽ മണിയൻ എന്ന കഥാപാത്രത്തിന്റെ ജോഡിയായെത്തി കയ്യടി വാങ്ങുകയാണ് നടി സുരഭി ലക്ഷ്മി. ഇപ്പോഴിതാ സുരഭിക്ക് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മുസ്തഫ.
ടൊവിനോ അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മാണിക്യമായാണ് എ.ആർ.എമ്മിൽ സുരഭി ലക്ഷ്മി എത്തിയത്. അപമാനത്തിൽനിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്കത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം. കുടുംബാംഗങ്ങൾ പോലും പിൽക്കാലത്ത് മണിയനെ തള്ളിപ്പറയുമ്പോൾ, അയാളുടെ പിൻതലമുറയിൽ ജനിച്ചുവെന്ന അപമാനം പേറുമ്പോൾ മാണിക്യം മാത്രമാണ് അയാളെക്കുറിച്ചോർത്ത് അഭിമാനംകൊള്ളുന്നത്. ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് സുരഭിക്ക് അഭിനന്ദനവുമായി മുസ്തഫ എത്തിയത്.
“ഇത് മാണിക്യത്തിനുള്ളതാണ്.” സുരഭ്യേ… ഉഷാർ. ഇതാണ് നമ്മള് പറഞ്ഞ സമയം, ഇവിടെ നിന്ന് തുടങ്ങിക്കോ….. നാഷണൽ അവാർഡൊക്കെ ചുമരിൽ കിടന്ന് ആടട്ടെ….മുന്നോട്ട്.” മുസ്തഫ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. പോസ്റ്റ് സുരഭി പങ്കുവെച്ചിട്ടുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റുരണ്ട് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]