ന്യൂഡൽഹി: രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകാനുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആറ് കോടി മുതിർന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്.
യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ് നൽകും. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ നിലവിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.
അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ അംഗമായ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് അവയിൽ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി തുടങ്ങിയവയിൽ അംഗമായവർക്കും പുതിയ പദ്ധതിക്ക് അർഹത.ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ എ.ബി.പി.എം.ജെ.എ.വൈ 12.34 കോടി കുടുംബങ്ങളിലെ 55 കോടി വ്യക്തികൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ പരിരക്ഷ നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]