കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്തു ; ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റില്‍
കൊട്ടാരക്കര : കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റില്‍.
ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമണ്‍ ഇടക്കുന്നില്‍ രജനി(35)യെ അറസ്റ്റ് ചെയ്തത്.
പുലമണ്‍ സ്വദേശിയായ വയോധികയുടെ പേരില്‍ ദേശസാത്കൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടില്‍നിന്ന് 2021 മുതല്‍ 2024 മാർച്ച് വരെയുള്ള കാലഘട്ടത്തില്‍ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കശുവണ്ടിവികസന കോർപ്പറേഷനില്‍നിന്ന് പ്രതിമാസം അനുവദിക്കുന്ന പെൻഷൻ തുകയാണ് തട്ടിയെടുത്തത്. വയോധികയുടേതെന്ന പേരില്‍ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ വർഷങ്ങളായി ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു.ബന്ധുവായ വയോധിക പുറത്ത് വാഹനത്തില്‍ ഇരിപ്പുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും വിരലടയാളം പതിപ്പിക്കാനെന്ന പേരില്‍ പണം പിൻവലിക്കല്‍ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചുനല്‍കുകയായിരുന്നു. വയോധികയുടെ ബന്ധു അടുത്തിടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
എസ്.ഐ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]