ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും വിജയിക്കുകയും ചെയ്ത സ്ത്രീകൾക്ക് അഭിനന്ദനങ്ങളർപ്പിക്കുന്നുവെന്ന് അവർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സിനിമാരംഗത്തെ ദുരുപയോഗം തകർക്കാൻ ഹേമാ കമ്മിറ്റി ആവശ്യമായിരുന്നു. കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദവും എല്ലായിടത്തും ഉള്ളതാണെന്നും ഖുശ്ബു പറഞ്ഞു.
എന്തുകൊണ്ടാണ് ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ പ്രതിസന്ധിയിലൂടെ കടന്നുപോകാൻ വിധിക്കപ്പെടുന്നത് എന്ന് ഖുശ്ബു ചോദിച്ചു. പുരുഷന്മാരും ഇത് അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, അതിൻ്റെ ഭാരം വഹിക്കുന്നത് നേരിയ തോതിലെങ്കിലും സ്ത്രീകളാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
“എന്റെ 24-ഉം 21-ഉം വയസുള്ള പെൺമക്കളുമായി ഇതേക്കുറിച്ച് സുദീർഘമായി സംസാരിച്ചിരുന്നു. അതിജീവിക്കപ്പെട്ടവരെ എന്റെ മക്കൾ മനസിലാക്കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തതുകണ്ട് ഞാൻ അദ്ഭുതപ്പെട്ടു. അവർ അതിജീവിതകളെ ശക്തമായി പിന്തുണയ്ക്കുകയും ഈ ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. നിങ്ങൾ സംസാരിക്കുന്നത് ഇന്നോ നാളെയോ ആകട്ടെ, സംസാരിക്കുക. ഉടനടി സംസാരിക്കുന്നത് അത്രയും നേരത്തെ മുറിവുകളുങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും.
അപകീർത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു? എന്തിനുവേണ്ടി ചെയ്തു? തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകർത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. അവരെ കേൾക്കാനുള്ള മനസും നമ്മുടെ മാനസിക പിന്തുണയും അവർക്കു വേണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ലെന്ന് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവർ മനസിലാക്കണം.
ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപ്പോലും ആഴ്ന്നിറങ്ങുന്നതാണ്. അത്തരം ക്രൂരമായ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയുടെയും അടിത്തറ ഇളക്കുന്നു. എല്ലാ അമ്മമാരുടെയും പിന്നിൽ, പോഷിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഒരു ഇച്ഛാശക്തിയുണ്ട്, ആ വിശുദ്ധി തകർന്നാൽ, അത് നമ്മെയെല്ലാം ബാധിക്കുന്നു.
എന്റെ പിതാവിൽനിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ എനിക്കുണ്ടായ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്.
അതിജീവിക്കപ്പെട്ടവർക്കൊപ്പം നിൽക്കാനും അചഞ്ചലമായ പിന്തുണ കാണിക്കാനും എല്ലാ പുരുഷന്മാരോടും അഭ്യർത്ഥിക്കുന്നു. അവിശ്വസനീയമായ വേദനയും ത്യാഗവും സഹിച്ച ഒരു സ്ത്രീക്കാണ് ഓരോ പുരുഷനും ജനിച്ചത്. അമ്മമാർ, സഹോദരിമാർ, അമ്മായിമാർ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിങ്ങനെ നിങ്ങളുടെ വളർച്ചയിൽ പല സ്ത്രീകളും ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നുണ്ട്. നിങ്ങളുടെ ഐക്യദാർഢ്യം പ്രത്യാശയുടെ വിളക്കുമാടമാകും, നീതിയും ദയയും വിജയിക്കുമെന്നതിൻ്റെ പ്രതീകമാണ്. ഞങ്ങളോടൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്നേഹവും നൽകിയ സ്ത്രീകളെ ബഹുമാനിക്കുക. അക്രമത്തിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ ശബ്ദം കേൾക്കട്ടെ, നിങ്ങളുടെ പ്രവർത്തനങ്ങൾ ഓരോ സ്ത്രീയും അർഹിക്കുന്ന ആദരവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കട്ടെ.
നമ്മൾ ഒരുമിച്ചാണ് കൂടുതൽ ശക്തരായിരിക്കുന്നത്. ഒരുമിച്ച് നിന്നാൽ മാത്രമേ ഈ മുറിവുകൾ മാറ്റാനും സുരക്ഷിതവും കൂടുതൽ അനുകമ്പയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാനും കഴിയൂ എന്ന് പ്രത്യേകം ഓർക്കണം. പല സ്ത്രീകൾക്കും അവരുടെ കുടുംബത്തിൻ്റെ പിന്തുണ പോലുമില്ലെന്ന് മനസ്സിലാക്കണം. കണ്ണുകളിൽ നക്ഷത്രങ്ങളുമായി അവർ ചെറുപട്ടണങ്ങളിൽ നിന്ന് വരുന്നു, തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ പലപ്പോഴും അവരുടെ സ്വപ്നങ്ങൾ മുളയിലേ നുള്ളുകയും തകർക്കപ്പെടുകയും ചെയ്യുന്നു.” ഖുശ്ബു വ്യക്തമാക്കുന്നു.
ഇത് എല്ലാവർക്കും ഒരു ഉണർത്തുപാട്ടായിരിക്കണം. ചൂഷണം ഇവിടെ നിർത്തട്ടെ. സ്ത്രീകളേ, പുറത്തു വന്ന് സംസാരിക്കൂ. ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ NO തീർച്ചയായും ഒരു NO ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഇതിലൂടെ കടന്നു പോയ എല്ലാ സ്ത്രീകൾക്കും ഒപ്പം അമ്മയായും സ്ത്രീയായും താൻ നിൽക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഖുശ്ബു കുറിപ്പ് നിർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]