
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ബാങ്കിംഗ് ലോകത്തേക്ക് കൈപിടിച്ച് നയിച്ച പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് പത്ത് വയസ്. 2014 ഓഗസ്റ്റ് 28-ന് ആരംഭിച്ച പദ്ധതി പ്രകാരം 52.39 കോടിയിലേറെ പേർ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു. ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിച്ച ആകെ തുക 2.30 ലക്ഷം കോടി കവിഞ്ഞു. കിസാൻ സമ്മാൻ നിധി, എംഎൻആർഇജിഎ എന്നിവയുടെ പണം അതിവേഗം ജനങ്ങളുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നതിന് ജൻ ധൻ യോജന സഹായകരമായി. ഏറ്റവും ദരിദ്രരായ ആളുകൾക്ക് പോലും സീറോ ബാലൻസ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാമെന്നതാണ് ജൻ ധൻ യോജനയുടെ പ്രത്യേകത. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് ട്രാൻസ്ഫർ വഴി ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിലൂടെ അഴിമതിയും കുറഞ്ഞു. സാധാരണക്കാർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അത് വഴി അവർക്ക് വായ്പ ലഭ്യത എളുപ്പമാക്കുക, ഇൻഷുറൻസ്, പെൻഷൻ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയായിരുന്നു ജൻ ധൻ യോജനയുടെ ലക്ഷ്യങ്ങൾ.
ജൻധൻ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് പലിശയും ലഭിക്കും. കൂടാതെ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് കവറേജും ലഭ്യമാണ്. ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് സംവിധാനവും ഇല്ല. ജൻധൻ യോജനയ്ക്ക് കീഴിൽ, ഗുണഭോക്താവിന് അക്കൗണ്ടിൽ 10,000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. ഇതോടൊപ്പം ജൻധൻ അക്കൗണ്ട് തുറന്നാൽ ഗുണഭോക്താവിന് റുപേ ഡെബിറ്റ് കാർഡും ലഭിക്കും. ഇതുകൂടാതെ പോസ്റ്റ് ഓഫീസിലും ജൻധൻ അക്കൗണ്ട് തുറക്കാം. ഇതിനായി പാൻ കാർഡും ആധാർ കാർഡും നിർബന്ധമാണ്.
ജൻ ധൻ യോജന 10 വർഷം പൂർത്തിയാക്കാനിരിക്കെ, പ്രധാനമന്ത്രി പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ജൻ ധൻ യോജനയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓഗസ്റ്റ് 28 ബുധനാഴ്ച നമോ ആപ്പ് വഴി തത്സമയമായിരിക്കും മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]