
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമര്‍ശനം. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
മുകേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. വനിതാ അംഗങ്ങള്‍ അടക്കം ഭൂരിപക്ഷം അംഗങ്ങളും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുകേഷിനെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്കായി മുറവിളി ഉയരുമ്പോഴും മുകേഷ് എംൽഎക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് സ്വയം ഒഴിയാനാണ് സാധ്യത. മുകേഷ് രാജിവെക്കണമെന്ന് ഇടത് സഹയാത്രികയായ നടി ഗായത്രി വർഷ ആവശ്യപ്പെട്ടു.
മലയാളസിനിമയിലെ മീടു കൊടുങ്കാറ്റിൽ സർക്കാറിനെയും സിപിഎമ്മിനെയും നിലവിൽ ഏറ്റവും അധികം വെട്ടിലാക്കുന്നത് മുകേഷിനെതിരെ തുടർച്ചയായി ഉയരുന്ന ലൈംഗിക ആരോപണങ്ങളാണ്. ആരോപണശരങ്ങൾക്കിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിലെ മുകേഷിന്റെ സ്ഥാനവും പ്രതിഷേധം ശക്തമാക്കി. സിപിഎമ്മിൽ പലതരം ചർച്ചകൾ ഉയരുന്നുണ്ട്. പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്ത നടനെ സംരക്ഷിക്കണോ എന്ന വാദം ചില നേതാക്കൾക്കുണ്ട്. പക്ഷെ ആരോപണങ്ങളുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
എം വിൻസെൻറിനും എൽദോസ് കുന്നപ്പള്ളിക്കുമെതിരെ സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവെച്ചില്ലല്ലോ എന്നാണ് പ്രതിപക്ഷത്തോടുള്ള പാർട്ടി ചോദ്യം. അതേസമയം, ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ മുകേഷിനെതിരെ കേസെടുക്കേണ്ടിവരുന്ന സാഹചര്യവും പാർട്ടി നോക്കിക്കാണുന്നു. രഞ്ജിത്തിനെതിരെ എന്ന പോലെ ഇടത് നിലപാടുള്ള സ്ത്രീകളടക്കം മുകേഷിനെതിരെ കടുത്ത നിലപാടെടുക്കുന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]