കൊച്ചി: സംവിധായകൻ വി.കെ. പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവ കഥാകാരി. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും ഇപ്പോൾ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
രണ്ടുവർഷം മുൻപാണ് ഈ സംഭവം നടക്കുന്നതെന്നും ഒരു കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകൻ വി.കെ. പ്രകാശിനെ ബന്ധപ്പെടുന്നതെന്നും കഥാകാരി പറഞ്ഞു. അദ്ദേഹം നല്ല രീതിയിൽ സംസാരിച്ചശേഷം കഥയുടെ ത്രെഡ് അയക്കാൻ പറഞ്ഞു. അതുലഭിച്ചശേഷം കഥ ഇഷ്ടമായി, എന്തായാലും സിനിമയാക്കാം, നേരിട്ട് കാണണമെന്ന് പറഞ്ഞു. കൊച്ചിയിൽ അദ്ദേഹം വരുമ്പോൾ കാണാമെന്നാണ് താൻ പറഞ്ഞത്. അപ്പോൾ അദ്ദേഹം കൊല്ലത്തേക്ക് വരാനാവശ്യപ്പെട്ടു. അത്രയും ദൂരം വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ എന്തായാലും സിനിമയാക്കും എന്നുപറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുചെന്നതെന്നും കഥാകാരി പറഞ്ഞു.
“അവിടെ വി.കെ. പ്രകാശ് രണ്ട് മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ എന്റെ മുറിയിലേക്ക് അദ്ദേഹം വന്നു. കഥ കേട്ട് കുറച്ചായപ്പോൾ മദ്യം ഓഫർ ചെയ്തു. കൂടാതെ നടി നവ്യാനായരെ വിളിച്ച് ലൗഡ് സ്പീക്കറിലും അല്ലാതെയും എന്തൊക്കെയോ സംസാരിച്ചു. അതിനുശേഷം കഥയെഴുതാനല്ലാതെ അഭിനയിക്കാൻ ശ്രമിച്ചുകൂടേ എന്ന് ചോദിച്ചു. അപ്പോൾ അഭിനയിക്കാൻ താത്പര്യമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു സീൻ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വൾഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ കാണിച്ചുതരാമെന്ന് വി.കെ.പ്രകാശ് പറഞ്ഞു. അതുംപറഞ്ഞ് ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനുമെല്ലാം ശ്രമിച്ചു.
കഥ പൂർണമായും കേൾക്കില്ലെന്നും വേറെയാണ് ഉദ്ദേശമെന്നും എനിക്ക് മനസിലായി. ഞാനദ്ദേഹത്തെ തിരികെ റൂമിലേക്ക് അയക്കാൻ ശ്രമിച്ചു. കഥ പിന്നീട് പറയാമെന്നും പറഞ്ഞു. ഉറപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. ഉറപ്പാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇറങ്ങിപ്പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഹോട്ടലിൽനിന്ന് ഞാനും ഇറങ്ങി. തിരിച്ച് എറണാകുളത്തെ വീട്ടിലെത്തി. ഉറക്കമെഴുന്നേറ്റപ്പോൾ വി.കെ.പ്രകാശിന്റെ കുറേ മിസ്ഡ് കോളുകൾ കണ്ടു. തിരിച്ചുവിളിച്ചപ്പോൾ കുറേ ക്ഷമാപണം നടത്തി. മകൾ അറിയപ്പെടുന്ന സംവിധായികയാണ്. രാത്രി പോകുന്ന സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ തന്റെ പേര് നഷ്ടപ്പെടില്ലേ എന്നെല്ലാം പറഞ്ഞു. ആരോടും പറയാതിരിക്കാനും അവിടെവരെ വന്നതല്ലേയെന്നും പറഞ്ഞ് വേറെ ആരുടേയോ അക്കൗണ്ടിൽനിന്ന് 10,000 രൂപ അയച്ചുതന്നു. സാറിന് ഇനി സിനിമയെടുക്കാൻ ഉദ്ദേശമില്ലല്ലോ വിട്ടേക്കൂ എന്നുപറഞ്ഞ് ഞാൻ ആ അധ്യായം അവസാനിപ്പിച്ചു,” അവർ വ്യക്തമാക്കി.
പിന്നീട് അദ്ദേഹവുമായി യാതൊരുവിധ കോൺടാക്റ്റും ഉണ്ടായിട്ടില്ല. ഇപ്പോളിത് പറയുന്നത്, നമ്മുടെ സർക്കാർ ഇത്തരക്കാർക്കെതിരെ നിൽക്കും എന്ന വാക്കുപറഞ്ഞതിനാലാണ്. പ്രത്യേക അന്വേഷണസംഘത്തിന് തിങ്കളാഴ്ച പരാതി കൊടുത്തെന്നും അവർ പറഞ്ഞു.