കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് സ്റ്റാമ്പ് കച്ചവടം നടത്തിയിരുന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളൂരുത്തി തങ്ങൾ നഗർ സ്വദേശി അയ്യൂബ് (24 വയസ്) എന്നയാളെയാണ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ഒക്ടോബർ മൂന്നിനാണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി ശ്രീരാജും സംഘവും ചേർന്ന് അയ്യൂബിനെ 58 എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടികൂടിയത്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ബി ടെനിമോൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് അഭിലാഷ് അക്ബർ ഹാജരായി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -VIII ജഡ്ജി ഗണേഷ് എം കെ ആണ് വിധി പ്രസ്താവിച്ചത്.
ഇതിനിടെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 60.435 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടിയിരുന്നു. ബംഗളൂരിവില്‍ നിന്ന് കോഴിക്കോട് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നുമാണ് മെത്താംഫിറ്റമിൻ പിടികൂടിയത്. പ്രതി കണ്ണൂർ കരുവഞ്ചാൽ സ്വദേശി സർഫാസ് വി എ അറസ്റ്റിലായി. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ടൗണിലും ബീച്ച് പ്രദേശങ്ങളിലും വിൽപ്പന നടത്തുന്നയാളാണ് പിടിയിലായ സർഫാസ്.
എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു എം എം, വൈശാഖ് വി കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി ആർ, അനിത എം എന്നിവർ ഉണ്ടായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]