ഓണമെന്നാൽ ആഘോഷമാണ്, അതിന് മാറ്റുകൂട്ടുന്നത് പലപ്പോഴും കാതിന് ഇമ്പമേറുന്ന പാട്ടുകളും. പൂക്കളം ഇടുമ്പോഴും കസവുടുത്ത് വരുമ്പോഴും ഓണക്കളികളിൽ ഏർപ്പെടുമ്പോഴുമെല്ലാം പശ്ചാത്തലത്തിൽ ഓണപ്പാട്ട് കേൾക്കുമ്പോൾ രസം അതൊന്ന് വേറെതന്നെ. പണ്ടുമുതലേ ചുണ്ടുകളിൽ പലപാട്ടുകളും മൂളി നടക്കാറുണ്ട് മലയാളികൾ. ഓണം പശ്ചാത്തലമാകുന്ന സിനിമാപ്പാട്ടുകളും വരികളിൽ ഓണത്തിൻ്റെ മധുരം തുളുമ്പുന്ന ഗാനങ്ങളും ഹരംപകരാറുണ്ട്. കുറെ കാലമായി ഓണക്കാലത്ത് സ്റ്റാറ്റസ് ലോകം ഭരിക്കുന്ന ‘തിരുവാവണി രാവ്’ ഒക്കെ അതിന് ഒരു ഉദാഹരണം.കഥാപരിസരമോ ഗാനമോ ഓണവുമായി ബന്ധമില്ലെങ്കിലും കേൾക്കുന്ന മാത്രയിൽ ഓണത്തിൻ്റെ ഓർമ പകരുന്ന ചില സിനിമാ ഗാനങ്ങളും മലയാളത്തിലുണ്ട്. അങ്ങനെയങ്ങനെ ഓണത്തെ കൂടുതൽ കളറാക്കുന്ന ചില ഓണപ്പാട്ടുകളെക്കുറിച്ച് അറിയാം.
പ്രവാസികളുടെ ഓണം, സ്റ്റാറ്റസുകൾ ഭരിക്കുന്ന ‘തിരുവാവണി രാവ്’
വിദേശ മലയാളികളുടെ ഓണാഘോഷം ഹൃദ്യമായി അവതരിപ്പിച്ച ഗാനമാണ് ‘ജേക്കബിൻ്റെ സ്വർഗരാജ്യം’ എന്ന ചിത്രത്തിലെ ‘തിരുവാവണി രാവ്’. മലയാള സിനിമയിലെ ഓണപ്പാട്ടുകളുടെ ഇടയിൽ വളരെപ്പെട്ടെന്നാണ് ഈ ഗാനം ശ്രദ്ധനേടിയത്.
നിവിൻ പോളിയെ നായകനാക്കി 2016-ൽ പുറത്തിറങ്ങിയ ഈ വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ഗാനമൊരുക്കിയത് ഷാൻ റഹ്മാനും മനു മഞ്ജിത്തും ചേര്ന്നാണ്. ഉണ്ണി മേനോനും സിത്താരയും ചേർന്നാണ് ‘തിരുവാവണി രാവ്’ എന്ന ഗാനം ആലപിച്ചത്. ഗാനത്തിൻ്റെ വരികൾക്കും ഈണത്തിനും വെവ്വേറെ ആരാധകരുണ്ടെന്നതും പ്രത്യേകതയാണ്.
മലയാളികൾ നെഞ്ചിലേറ്റിയ ‘പൂവിളി പൂവിളി പൊന്നോണമായി…’
1978-ൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിലെ ഗാനം ഇന്നും മലയാളികളുടെ ഓണത്തിൻ്റെ ഭാഗമാണ്, മാറ്റിനിർത്താനാകാത്തൊരു ഏടാണ്. ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന ഗാനം കേൾക്കാതെ ഒരു ഓണം കടന്നുപോകുമോയെന്നത് സംശയമാണ്.
ശ്രീകുമാരൻ തമ്പി രചിച്ച്, സലിൽ ചൗധരി സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് യേശുദാസാണ്. പ്രേംനസീറും വിധുബാലയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ദൃശ്യങ്ങളും വരികളും ഓണമയം, ‘ഓണവെയിൽ ഓളങ്ങളിൽ’
‘ബോംബെ മാർച്ച് 12’ എന്ന ചിത്രത്തിലെ ‘ഓണവെയിൽ ഓളങ്ങളിൽ’ എന്ന ഗാനത്തിന് സവിശേഷതകൾ ഏറെയാണ്. വരികളിലും ദൃശ്യങ്ങളിലുമുണ്ട് ഓണം.
ഓണക്കളികളും പൂക്കളവും ഒക്കെയായി ഓണത്തിൻ്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഗാനത്തിൻ്റെ അവതരണവും. സൗഹൃദവും ഒരുമയുമെല്ലാം ഗാനത്തിന് കൂടുതൽ മനോഹാരിത സമ്മാനിക്കുന്നുണ്ട്. മാവേലിയും തിരുവാതിരയും ഒക്കെയായി ഓണത്തിൻ്റെ പ്രതീതി വരച്ചുകാട്ടാൻ ഈ ഗാനത്തിനായിട്ടുണ്ട്.
ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം പകർന്നത് അഫ്സൽ യൂസഫാണ്. ഉണ്ണി മുകുന്ദനും റോമയുമാണ് ഗാനത്തിൽ എത്തുന്ന പ്രധാന താരങ്ങൾ.
നൊമ്പരപ്പെടുത്തുന്ന ഓണപ്പാട്ട്, ‘ഓണത്തുമ്പീ പാടൂ…’
‘സൂപ്പർമാൻ’ എന്ന സിനിമയിലെ ‘ഓണത്തുമ്പീ പാടൂ…‘ എന്ന ഗാനത്തിന് പ്രത്യേകതകൾ ഏറെയാണ്. നായകൻ്റെ കുടുംബത്തിൻ്റെ ഓണം കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനം ആനന്ദമല്ല, നൊമ്പരമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വരികളിലെ വിരഹവും കഥാപശ്ചാത്തലത്തെക്കുറിച്ച് അറിയുമ്പോഴുണ്ടാകുന്ന വേദനയും ഗാനത്തെ മൂകമാക്കുന്നുണ്ട്.
ഗാനത്തിന് ഈണം നൽകിയത് എസ്. പി. വെങ്കിടേഷാണ്. യേശുദാസ് ആലപിച്ച ഈ ഗാനത്തിൻ്റെ വരികൾ എസ്. രമേശൻ നായരുടേതായിരുന്നു. ജയറാം, നെടുമുടി വേണു, സീനത്ത്, വിന്ദുജ മേനോൻ, ഇന്നസെൻ്റ് എന്നിവരാണ് ഗാനത്തിൽ വേഷമിട്ടിരിക്കുന്നത്.
ഒ.എൻ.വിയുടെ ‘ഓണപ്പൂവേ ഓമൽപ്പൂവേ… ‘
ഓണപ്പാട്ടുകളുടെ ഇടയിൽ പ്രത്യേത സ്ഥാനമുള്ള ഗാനമാണ് ഒ.എൻ.വി. കുറുപ്പിൻ്റെ രചനയിൽ പിറന്ന ‘ഓണപ്പൂവേ ഓമൽപ്പൂവേ…’. 1978-ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലേതാണ് ഗാനം. പ്രേംനസീറാണ് ഗാനരംഗത്തിലെത്തുന്നത്. സലിൽ ചൗധരിയുടെ സംഗീതത്തിൽ യേശുദാസാണ് ആലാപനം.
‘ഓണത്തുമ്പി ഓണത്തുമ്പി..‘
ഒ.എൻ.വി കുറുപ്പിൻ്റെ വരികളിൽ ജി. ദേവരാജൻ മാഷ് ഈണമിട്ട ഗാനമാണ് ‘ഓണത്തുമ്പി ഓണത്തുമ്പി…‘. 1961-ൽ പുറത്തിറങ്ങിയ ‘മുടിയനായ പുത്രൻ‘ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് കെ. സുലോജനയാണ്.
സിനിമാപ്പാട്ടെന്നറിയുമ്പോൾ ചിലരെങ്കിലും ആശ്ചര്യപ്പെടുന്ന വെെറൽ ഓണപ്പാട്ട്, ‘ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപൂവേ….’
വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും ഒരുപോലെ ഓണക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചുരുക്കം സിനിമാപ്പാട്ടുകളിൽ ഒന്നാണ് ‘ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപൂവേ’ എന്നുതുടങ്ങുന്ന ഗാനം. 2004-ൽ പുറത്തിറങ്ങിയ ‘ക്വട്ടേഷൻ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് മാത്രം പ്രത്യേക വിഭാഗം ആരാധകരുണ്ട്. ഓണക്കളികളും ആചാരാനുഷ്ടാനങ്ങളും പൂക്കളവും ഒക്കെ ഈ ഗാനത്തിൻ്റെ ഭാഗമാണ്.
സുജിതയും അരുണുമാണ് ഗാനത്തിലെത്തുന്ന പ്രധാന താരങ്ങൾ. റീമിക്സ് ആയും ആൽബങ്ങളിലൂടെയും ഒക്കെ പലരൂപത്തിൽ ഈ ഗാനം പുനർജനിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത് സിനിമാപ്പാട്ടാണെന്ന് അറിയുന്നവർ പോലും ചുരുക്കമായിരിക്കും. അത്രയ്ക്ക് ഈ ഗാനം പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ബ്രജേഷ് രാമചന്ദ്രൻ്റെ വരികൾക്ക് സബീഷ് ജോർജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കല്യാണിയാണ് ആലാപനം. സിനിമകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഓണപ്പാട്ടുകളിൽ എന്തായാലും മുൻപന്തിയിലായിരിക്കും ഈ ഗാനത്തിൻ്റെ സ്ഥാനം. ‘തിരുവാവണി രാവ്’ പോലെ ഓണക്കാലത്തെ സ്റ്റാറ്റസുകളിലും നിറഞ്ഞുനിൽക്കാറുണ്ട് ‘ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപൂവേ’ എന്ന ഗാനം.