

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് അഞ്ചുലക്ഷം കവർന്ന കേസിൽ വയോധികൻ അറസ്റ്റിൽ
ആലപ്പുഴ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് അഞ്ചുലക്ഷം രൂപ കവർന്ന കേസിൽ വയോധികൻ അറസ്റ്റിൽ. ആലപ്പുഴ കുതിരപ്പന്തി സായികൃപ കെ.കെ. പൊന്നപ്പനെയാണ് (79) ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. സമീപവാസിയായ വീട്ടമ്മ റസീനയുടെ പരാതിയിലാണ് നടപടി.
ഇവരുടെ മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായാണ് അഞ്ചുലക്ഷം വാങ്ങിയത്. 15 ദിവസത്തിനകം ജോലി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി.
പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നേരത്തേയും സമാനരീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് പരാതിക്കാരൻ നേരിട്ട് പണം നൽകിയതിനാൽ തെളിവില്ലായിരുന്നു. വീട്ടമ്മ മൂന്നുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയത് തെളിവാക്കിയാണ് കേസെടുത്തത്. കഴിഞ്ഞദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിന് പിന്നാലെ പണം മുഴുവനും നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.
ഇത് ലംഘിച്ചതോടെ പരാതിക്കാരി വീണ്ടും പോലീസിനെ സമീപിച്ചതോടെയാണ് നടപടി. അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിന് മുന്നിൽ രോഗം അഭിനയിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. ഹൃദയസ്തംഭനമാണെന്ന് പറഞ്ഞായിരുന്നു അഭിനയം. തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസ്തംഭനമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]