
തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി 30 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നഗരസഭകൾ വഴി തുക ഉടൻ തന്നെ തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ പദ്ധതിക്കായി ആകെ അനുവദിച്ചത് 62.94 കോടി രൂപയാണ്.
ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ 15 വരെ നാല് ലക്ഷം തൊഴിൽ ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 26.69 ലക്ഷം തൊഴിൽദിനങ്ങൾ പദ്ധതി വഴി ലഭ്യമാക്കിയിരുന്നുവെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയാണ് 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാ ബജറ്റിൽ നീക്കിവെച്ചത്. ഇത് ഈ വർഷത്തെ ബജറ്റിൽ 165 കോടിയായി വർധിപ്പിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും കൂടുതൽ മികവാർന്ന നിലയിൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]