ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിൽ നടൻ മോഹൻലാൽ ശനിയാഴ്ച എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.
“വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു.
നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്,” മോഹൻലാലിന്റെ വാക്കുകൾ.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യർ, നയൻതാര, നവ്യാ നായർ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]