
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. നിലവിൽ അഞ്ച് മന്ത്രിമാരുടെ സംഘമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
രാവിലെ മുണ്ടക്കൈയിൽ എത്തുന്ന മുഖ്യമന്ത്രി 10.30ന് എ.പി.ജെ ഹാജിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 11.30ന് കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും ജില്ലയിലെ എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുൽ എത്തുക.
അതേസമയം മൂന്നാം ദിവസവും മുണ്ടക്കൈയിൽ കാണാതായവർക്കായി തെരച്ചിൽ തുടങ്ങി. കൂടുതൽ യന്ത്രങ്ങൾ എത്തിച്ചുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. സൈന്യത്തിൽ നേതൃത്വത്തിൽ ബെയ്ലി പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയോടെ നിർമാണം പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]