
ചൈനയിലെ ശവസംസ്കാര സേവനങ്ങളുടെ ചെലവ് വർദ്ധിച്ചതുമായി ബന്ധപ്പെട്ട യുവതിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദത്തിൽ. ശവസംസ്കാര സേവനങ്ങൾ നടത്താൻ പണവും സ്ഥലവും ഇല്ലാത്തതിനാൽ തൻറെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിൻറെ പിതാവിൻറെ ചിതാഭസ്മം ലോക്കറിൽ സൂക്ഷിക്കാൻ താൻ ആവശ്യപ്പെട്ടു എന്നായിരുന്നു യുവതിയുടെ പോസ്റ്റ്. എന്നാൽ, പോസ്റ്റ് വിവാദമായതോടെ യുവതി ഇത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തു.
ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യമോ സ്ഥലമോ പണമോ ഇല്ലാത്തതിനാൽ താൻ തൻറെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിൻറെ പിതാവിൻറെ ചിതാഭസ്മം പാഴ്സൽ ബോക്സ് കമ്പനിയായ ഹൈവ് ബോക്സിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചു എന്നായിരുന്നു യുവതി പോസ്റ്റിൽ പറഞ്ഞിരുന്നത്. തൻറെ സുഹൃത്ത് ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്നും അവിടെ ചിതാഭസ്മം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നുമാണ് യുവതി പറയുന്നത്. ഇങ്ങനെ സൂക്ഷിക്കാൻ ഒരു വർഷം 55 യുവാൻ (US$8) മാത്രമേ ഹൈവ് ബോക്സ് അംഗത്വ ഫീസ് വാങ്ങുകയുള്ളൂവെന്നും അത് തീർത്തും ന്യായമായ തുകയാണെന്നുമായിരുന്നു യുവതിയുടെ അഭിപ്രായം.
എന്നാൽ, പോസ്റ്റ് വ്യാപകമായ പ്രതിഷേധത്തിന് വഴി തുറക്കുകയായിരുന്നു. അതോടെ യുവതി പോസ്റ്റ് പിൻവലിച്ചു. യുവതിയുടെ പോസ്റ്റിന് മറുപടിയുമായി ഹൈവ് ബോക്സ് തന്നെ രംഗത്ത് വന്നു. മനുഷ്യരുടെയോ മൃഗങ്ങളുടെയോ അസ്ഥികളോ ചാരമോ മൃഗങ്ങളുടെ ശരീരമോ ലോക്കറുകളിൽ സൂക്ഷിക്കാൻ അനുവദിക്കുന്നതല്ലന്ന് ഹൈവ് ബോക്സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൈനയിൽ, മരിച്ചവരെ സംസ്കരിക്കാനാണ് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, ശ്മശാനങ്ങൾ സ്ഥാപിക്കാൻ ഭൂമിയില്ലാത്തതും പിന്നീട് ഒരു കല്ലറ വാങ്ങുന്നതിനുള്ള ഉയർന്ന വിലയും നിരവധി ആളുകളെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ദഹിപ്പിച്ചതിനുശേഷം, ചിതാഭസ്മം പ്രത്യേക കലങ്ങളിൽ വീടുകളിലോ അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കുന്ന കല്ലറകളിലോ സൂക്ഷിക്കുന്നതാണ് ഇവിടുത്തെ രീതി. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് , ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ ഒരു ചതുരശ്ര മീറ്ററിൽ താഴെയുള്ള ഒരു ശവക്കുഴിക്ക് ശരാശരി 100,000 യുവാൻ (ഏകദേശം 11.5 ലക്ഷം രൂപ) ചിലവാകും.
ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൃതദേഹങ്ങൾ ദഹിപ്പിക്കണമെന്നാണ് സർക്കാറിന്റെ അഭ്യർത്ഥന. ശേഷം ചിതാഭസ്മം കടലിൽ വിതറുകയോ മരങ്ങൾക്കും ചെടികൾക്കും താഴെ കുഴിച്ചിടുകയോ ചെയ്യണമെന്നും സർക്കാർ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഭൂരിഭാഗം ആളുകളും മൃതദേഹങ്ങൾ കല്ലറകളിൽ സംസ്കരിക്കാനാണ് താല്പര്യപ്പെടുന്നത്.
(ചിത്രം പ്രതീകാത്മകം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]