
ചെന്നൈ: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു.
‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുഷ്കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുകയാണ്’ എന്നാണ് കമൽഹാസൻ കുറിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തിൽ വൈകുന്നേരം എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 ലേറെ പേര് ചികിത്സയിലുണ്ട്.
ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ രംഗത്ത് എത്തിയരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]