
കൊച്ചി: താരങ്ങളുടെ പ്രതിഫലവർധനയും ഒ.ടി.ടി. വിപണിയിലെ അനിശ്ചിതത്വവുംകാരണം മലയാളത്തിൽ സിനിമാനിർമാണം കുറയുന്നു. ഫിലിം ചേംബറിൽ രജിസ്റ്റർചെയ്യുന്ന സിനിമകളുടെ എണ്ണം കഴിഞ്ഞ ഒരുമാസത്തിനിടെ പകുതിയായി.
നിർമാണത്തിന് മുന്നോടിയായാണ് സിനിമകൾ രജിസ്റ്റർചെയ്യുന്നത്. ഈ മാസം 11 സിനിമകൾ മാത്രമാണ് രജിസ്റ്റർചെയ്തത്. സാധാരണ 20-ലധികം സിനിമകൾ ഒരുമാസം രജിസ്ട്രേഷനെത്താറുണ്ടെന്നാണ് ഫിലിം ചേംബർ ഭാരവാഹികൾ പറയുന്നത്.
സാമ്പത്തിക ഇടപാടുകാരുടെ പിന്മാറ്റവും പുതിയസിനിമകൾ കുറയുന്നതിന് കാരണമാകുന്നുണ്ട്. നിർമാതാക്കൾക്ക് നൽകിയ തുക തിരികെക്കിട്ടാൻ പലർക്കും കോടതിയെയും പോലീസിനെയും സമീപിക്കേണ്ടിവന്നതോടെയാണ് സിനിമയിൽ പണമിറക്കിയിരുന്ന വിദേശമലയാളികൾ പിൻവാങ്ങിയത്.
എന്നാൽ, എണ്ണം കുറയുന്നത് സിനിമയ്ക്ക് ഗുണകരമാകുമെന്ന നിലപാടിലാണ് ഫിലിം ചേംബർ. സിനിമാനിർമാണത്തിലെ കുത്തൊഴുക്ക് നിലച്ചാൽ നഷ്ടം വലിയതോതിൽ കുറയുമെന്നും നല്ലസിനിമകൾക്ക് വിജയിക്കാനുള്ള വഴിയൊരുങ്ങുമെന്നുമാണ് ചേംബറിന്റെ നിലപാട്.
‘‘എണ്ണം കൂടുന്നതനുസരിച്ച് സിനിമകൾ വിജയിക്കുന്നില്ല. കഴിഞ്ഞവർഷം 219 സിനിമകളിറങ്ങിയതിൽ പത്തിൽതാഴെ മാത്രമാണ് വിജയിച്ചത്. ഒരു സിനിമയ്ക്ക് അഞ്ചുകോടി നഷ്ടം കണക്കുകൂട്ടിയാൽ കഴിഞ്ഞവർഷം ആയിരംകോടിയാണ് നഷ്ടം’’ -ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരു സൂപ്പർഹിറ്റുപോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒരുപാട് സിനിമകൾ ഒന്നിച്ചെത്തുന്നതുമൂലം തിയേറ്ററുകളും പ്രതിസന്ധിയിലാണ്. സിനിമകൾ വിജയിക്കാത്തതുമൂലം പല തിയേറ്ററുകൾക്കും വൈദ്യുതിച്ചാർജ് അടയ്ക്കാൻപോലുമാകുന്നില്ല. എണ്ണത്തിലുണ്ടാകുന്ന കുറവ് തങ്ങൾക്കും അനുകൂലമാകുമെന്നാണ് തിയേറ്ററുടമകളും പറയുന്നത്.
‘‘ഇനി തിയേറ്റർ പ്രേക്ഷകരെ ലക്ഷ്യമിട്ട് നല്ല ഉള്ളടക്കമുള്ള നല്ല സിനിമകൾ മാത്രം നിർമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷ.’’ -തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ വൈസ് പ്രസിഡന്റ് സോണി തോമസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]