
കൊല്ലം: കൊല്ലം ഇരവിപുരത്ത് സൈനികനെയും സഹോദരനെയും ഒരു സംഘം ആക്രമിച്ചു. കൂട്ടിക്കടയിലെ കടയില്‍ സാധനം വാങ്ങാനെത്തിയ ആയിരംതെങ്ങ് സ്വദേശികളായ അമീന് ഷാ, അമീര്‍ ഷാ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കേസിൽ കടയുടമ ശിഹാബുദ്ദീന്, മുഹമ്മദ് റാഫി എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഇരവിപുരം കൂട്ടിക്കടയില്‍ അമീന് ഷായും സഹോദരന് അമീര്‍ ഷായും സാധനങ്ങള്‍ വാങ്ങാനെത്തിയത്. ശിഹാബുദ്ദീന് എന്നയാളുടെ കടയില്‍ നിന്നും വാങ്ങിയ സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് നീളുകയായിരുന്നു. ശിഹാബുദ്ദീനും സമീപത്തുണ്ടായിരുന്ന ഒരു സംഘം ആളുകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവാക്കളുടെ പരാതി. നിലത്തുവീണ തന്നെ വലിച്ചിഴച്ചെന്നും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നും അമീന് ഷാ പറയുന്നു. അമീന് ഷായുടെ തലയ്ക്ക് പൊട്ടലുണ്ട്. ദേഹമാസകലം പരിക്കേറ്റു. സഹോദരന് അമീര്‍ ഷായുടെ ചെവിയ്ക്ക് പരിക്കുണ്ട്. സൈനികനായ അമീന് ഷാ അവധിക്ക് നാട്ടിലെത്തി മടങ്ങാനിരിക്കുകയായിരുന്നു.
ആദ്യം കടയുടമ ശിഹാബുദ്ദീന് ഉള്‍പ്പടെ കുറച്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദനം തുടങ്ങിയെന്നും പിന്നാലെ ഒരുകൂട്ടം ആളുകള്‍ എത്തി മര്‍ദ്ദിച്ചെന്നും യുവാക്കള്‍ പറയുന്നു. മയ്യനാട് ഭാഗത്ത് രാത്രി നിരീക്ഷണം നടത്തുകയായിരുന്ന ഇരവിപുരം പൊലീസ് എത്തിയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിഹാബുദ്ദീനെയും മുഹമ്മദ് റാഫി എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
Last Updated Jul 27, 2024, 10:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]