
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കരുതുന്ന മാരിടൈം രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എംഎസ്സിയുടെ വരവെന്നും ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Read More….
1970-ൽ ഇറ്റലിയിൽ ജിയാൻല്യുഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് എംഎസ്സി. ഇപ്പോള്‍ ജനീവയാണ് ആസ്ഥാനം. ആഗോള കണ്ടെയ്നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. 790-ലധികം കണ്ടെയ്നർ വെസ്സലുകൾ കമ്പനിക്ക് കീഴിലുണ്ട്. 55 രാജ്യങ്ങളിലായി 524 ഓഫീസുകൾ പ്രവർത്തിക്കുന്നു. 100,000-ത്തിലധികം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു. 215-ലധികം വ്യാപാര റൂട്ടുകളിലൂടെ സഞ്ചരിക്കുകയും 500-ലധികം തുറമുഖങ്ങളിൽ കണക്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.
Last Updated Jul 27, 2024, 2:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]