
ബെംഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറയുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി സൈന്യം മടങ്ങിപ്പോയി.
പുഴയ്ക്ക് അടിയിൽ ഉള്ള ഓരോ ലോഹ വസ്തുവിന്റെ സാന്നിധ്യവും ഡ്രോൺ പരിശോധനയിൽ തെളിയാം. കൂടുതൽ മേഖലയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചാൽ കൂടുതൽ സിഗ്നലുകൾ കിട്ടും. അപ്പോഴും പല സിഗ്നൽ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തിയ പോയന്റിനാകും ആദ്യ പരിഗണന. കാരണം, അതിനാണ് ഒരു ട്രക്കിന്റെ രൂപഘടന കിട്ടിയിട്ടുള്ളത്. മലയടിവാരത്ത് നിന്ന് 70 മീറ്റർ അകലെ, 8-10 മീറ്റർ താഴ്ചയിലാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന പോയന്റെന്നും സൈന്യം അറിയിച്ചു.
കനത്ത മഴയായതിനാൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാതിരുന്നത്. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തിയിരുന്നു.
Last Updated Jul 26, 2024, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]