

ആധാരങ്ങളുടെ രജിസ്ട്രേഷൻ ഇനി ലളിതമായും വേഗത്തിലും ; സംസ്ഥാനത്ത് ആധാരം രജിസ്ട്രേഷൻ ഇനി ടെംപ്ലേറ്റ് സംവിധാനത്തിലേക്ക്; കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്ട്രേഷൻ ലളിതമായും വേഗത്തിലും നിർവഹിക്കാൻ രജിസ്ട്രേഷൻ വകുപ്പ് തയ്യാറാക്കിയ ടെംപ്ളേറ്റ് സംവിധാനത്തിലേക്ക്. ടെംപ്ളേറ്റ് വരുന്നതോടെ കടലാസ് മുദ്രപ്പത്രങ്ങൾ ഇല്ലാതാവും.ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു വിവരം. ആധാരങ്ങളുടെ രജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്തു നൽകുന്നതാണ് ടെംപ്ലേറ്റിന്റെ രീതി. ആധാരം ചെയ്യുന്ന കക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതല്ലാതെ അധിക വിവരങ്ങളുണ്ടെങ്കിൽ അതു രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ട ദാനം, ഭാഗപത്രം ഉൾപ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേർത്ത് ഓൺലൈൻ മുഖേന സബ് റജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒടുക്കിയാൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും.
ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.ടെംപ്ലേറ്റ് റജിസ്ട്രേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആധാരമെഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തും. പല തരത്തിലുള്ള ആധാരമാതൃകകളാണ് ഇപ്പോഴുള്ളത്. അവ അപര്യാപ്തമായതിനാൽ ടെംപ്ലേറ്റിലേക്ക് വരുമ്പോൾ മാതൃകകളുടെ എണ്ണം കൂടും.
നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫിസുകളിലും ഇതിനുള്ള വെബ് ക്യാമറകളും വിരലടയാളം രേഖപ്പെടുത്താനുള്ള ബയോമെട്രിക് സംവിധാനങ്ങളും സജ്ജമാക്കിയതായാണ് വിവരം. ഇതിനായി രണ്ടരക്കോടിയോളം രൂപയാണ് സർക്കാർ ചെലവഴിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]