
ദില്ലി : മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലൽ അടക്കം നേതാക്കളും രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളിൽ സന്ദർശിക്കുന്നുണ്ട്.
നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്. ഇന്ന് പുലർച്ചെയും ജിരിബാമിൽ അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു.
ചുരാചന്ദ്പൂർ, മൊയ്റാങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകീട്ട് 6 മണിക്ക് ഗവർണർ അനസൂയ ഉയിക്കയെ കാണും. ഇതിന് ശേഷം വാർത്താ സമ്മേളനം നടത്തും. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.
മണിപ്പൂർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് രൂക്ഷഭാഷയിൽ വിമർശിച്ചു. റഷ്യൻ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂർ തയ്യാറാകുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂർ സന്ദർശിക്കാൻ മോദി സമയം കണ്ടെത്തണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
അതേസമയം ബാലബുദ്ധിയുള്ള രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്നാണ് ബിജെപിയുടെ വിമർശനം. മണിപ്പൂരിൽ കലാപത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് കോൺഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു.
Last Updated Jul 8, 2024, 1:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]