
തിരുവനന്തപുരം: റസാഖിന്റെ വീട്ടിലെ വൈദ്യുതി ബില്ല് അടക്കുന്നതിൽ നേരത്തേയും വീഴ്ച വന്നിട്ടുണ്ടെന്ന് കെഎസ്ഇബി. 2022ൽ ബില്ലടക്കാൻ വൈകിയ രേഖയും കെഎസ്ഇബി ഉദ്യോഗസ്ഥർ കണക്ഷൻ വിച്ഛേദിക്കാൻ പൊലീസ് സംരക്ഷണം തേടിയ രേഖയും കെഎസ്ഇബി പുറത്ത് വിട്ടു. സ്ഥിരമായി റസാക്ക് ഡിസ്കണക്ഷൻ ലിസ്റ്റിൽ വരാറുണ്ടെന്നാണ് കത്തിൽ പറയുന്നത്. 2022 ഡിസംബറിൽ പൊലീസ് സംരക്ഷണം തേടി നൽകിയ അപേക്ഷയാണ് പുറത്ത് വന്നത്. കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ സബ് എഞ്ചിനീയറാണ് സംരക്ഷണം തേടി കത്തയച്ചതെന്നാണ് കെഎസ്ഇബി പുറത്ത് വിട്ട രേഖകളിൽ നിന്നും വ്യക്തമാകുന്നത്..
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹ്ദദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടു കേൾവിയില്ലാത്ത നടപടിയാണ് വ്യാപക വിമർശനത്തിനും വലിയ പ്രതിഷേധത്തിനും വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം.
എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. വൈദ്യുതി ഇന്ന് തന്നെ പുനസ്ഥാപിക്കുമെന്ന് പറഞ്ഞ മന്ത്രി കൃഷ്ണൻകുട്ടി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം ആവശ്യം കൂടി മുന്നോട്ടുവച്ചു.
അതേസമയം വൈദ്യുതി ബന്ധം വിച്ഛേദിച്ചത് മുതൽ സമരം തുടങ്ങിയ റസാക്കും ഭാര്യ മറിയവും ഇനിയും വീട്ടിൽ കയറിയിട്ടില്ല. ഇന്നലെ കെഎസ്ഇബി ഓഫീസിനു മുന്നിൽ സമരത്തിനിടെ തളർന്നുവീണ റസാക്കിനെ ഇന്ന് രാവിലെ വീട്ടിൽ എത്തിച്ചെങ്കിലും ഇദ്ദേഹം വീട്ടിൽ കയറാൻ കൂട്ടാക്കിയിട്ടില്ല. അതിനിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ എത്തിയ ജീവനക്കാരൻ തന്നെ കയ്യേറ്റം ചെയ്തതായി കാട്ടി റസാക്കിന്റെ ഭാര്യ മറിയം പൊലീസിൽ പരാതി നൽകി. കെഎസ്ഇബി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് നാലുമണിക്ക് മെഴുകുതിരി കൊളുത്തി തിരുവമ്പാടിയിൽ സമരം നടത്താൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Last Updated Jul 7, 2024, 1:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]