
കൽക്കി 2898 എഡി എന്ന മെഗാഹിറ്റ് ചിത്രത്തിന് പിന്നാലെ പ്രഭാസിന്റെ പുതിയ സിനിമകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാണ്. അക്കൂട്ടത്തിലൊരു ചിത്രമാണ് അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ സിനിമ. ഏപ്രിലിൽ ആയിരുന്നു പ്രഭാസുമായി ഒരു സിനിമ വരുന്നുവെന്ന് സന്ദീപ് റെഡ്ഡി അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവരികയാണ്.
പ്രഭാസ് ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. കൊറിയൻ സൂപ്പർ താരം മാ ഡോങ്-സിയോക് ചിത്രത്തിൽ വേഷമിടുന്നു എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്റർടെയ്ൻമെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ വില്ലനായിട്ടാകും സിയോക് എത്തുക എന്നാണ് വിവരം. അങ്ങനെ എങ്കിൽ മികച്ചൊരു ദൃശ്യവിസ്മയവും വില്ലൻ-നായക കോമ്പോയും സിനിമാസ്വാദകർക്ക് കാണാൻ സാധിക്കുമെന്ന് ഉറപ്പാണ്. കൊറിയൻ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കൊറിയയിലെ ഏറ്റവും സമ്പന്നനായ നായക നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള ആളാണ് മാ ഡോങ്-സിയോക്. 4.14 കോടിയാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം വാങ്ങിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഇപ്പോൾ അൻപത്തി രണ്ട് വയസുണ്ട്.
അതേസമയം, പ്രഭാസിന്റെ കൽക്കി മികച്ച പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങി ഒട്ടനവധി താരനിര അണിനിരന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 800 കോടി രൂപയാണ് കൽക്കിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. വൈകാതെ ചിത്രം ആയിരം കോടി ക്ലബ്ബെന്ന ഖ്യാതിയും സ്വന്തമാക്കും.
Last Updated Jul 7, 2024, 7:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]