
കൊച്ചി: വാടകക്ക് നൽകിയ വീടിന്റെ മുകളിലത്തെ മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെതിരെ കൊച്ചിയിൽ ഉടമയുടെ സമരം . അയ്യപ്പൻകാവിൽ അശോകൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് ഉടമയും ഭാര്യയും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടക്കുന്നത്. മുറി വാടകക്കെടുത്ത ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം സ്വദേശി ബാബു ഗിരീഷിനെതിരെയാണ് സമരം. നാട്ടുകാരും കെട്ടിട ഉടമയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
മുറി വാടകക്കെടുത്ത അഭിഭാഷകൻ 24 മാസമായി വാടക നൽകുന്നില്ലെന്നും വാടക ശീട്ട് പുതുക്കുന്നില്ലെന്നും ഉടമ അശോകൻ ആരോപിക്കുന്നു. വാടക കുടിശിക ചോദിച്ചപ്പോൾ തന്നെ അഭിഭാഷകൻ മര്‍ദ്ദിച്ചെന്നും ചവിട്ടി താഴെയിട്ടെന്നും അശോകൻ പറഞ്ഞു. നാല് വര്‍ഷമായി തന്നെയും ഭാര്യയെയും വാടകക്കാരൻ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴായി മുറി ഒഴിയാൻ ആവശ്യപ്പെട്ടിട്ടും ഒഴിയുന്നില്ല. വാടക മാത്രമാണ് തൻ്റെ വരുമാനം. വീട്ടിൽ താനും ഭാര്യയും മാത്രമാണുള്ളത്. ഭാര്യ അൽഷിമേഴ്സ് ബാധിച്ച് അവശതയിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താൻ കൃത്യമായി വാടക കൊടുക്കുന്നയാളാണെന്ന് അഭിഭാഷകൻ ബാബു ഗിരീഷ് പറഞ്ഞു. താനില്ലാത്ത സമയത്ത് മുറിയിൽ കയറി അശോകൻ വീട്ടുസാധനങ്ങൾ നശിപ്പിച്ചെന്നും ഫ്രിഡ്ജി ഓഫ് ചെയ്തിട്ട് സാധനങ്ങൾ കേടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ അറിയാത്ത നാട്ടുകാരെ വിളിച്ചുകൊണ്ടുവന്നാണ് ഈ സമരം നടത്തുന്നത്. ഇന്നലെ തന്നെ താൻ വാടക നൽകിയതാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് മറ്റൊരാൾക്കെതിരെ പൊലീസിൽ പരാതി നൽകിയ ആളാണ് അശോകൻ. താൻ വാടക നൽകുന്നില്ലെങ്കിൽ അതിനെതിരെ കോടതിയെയോ പൊലീസിനെയോ അദ്ദേഹത്തിന് സമീപിക്കാമല്ലോ. പ്രായമായ മനുഷ്യനായതിനാലും അദ്ദേഹത്തിന് ബുദ്ധിമുട്ട് വരാതിരിക്കാനും വേണ്ടി താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ബാബു ഗിരീഷ് പറഞ്ഞു.
Last Updated Jul 7, 2024, 11:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]