
അനിൽ കപൂറിനെ നായകനാക്കി പ്രിയദർശൻ സംവിധാനംചെയ്ത് 1997-ൽ പുറത്തിറങ്ങിയ ചിത്രമാണ് വിരാസത്. തബുവായിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിന്റെ സെറ്റിലുണ്ടായ രസകരമായ ഒരു സംഭവം ഓർത്തെടുത്തിരിക്കുകയാണ് തബു. തന്റെ കഥാപാത്രത്തിന് നാടൻ ലുക്ക് തോന്നിക്കാൻ സംവിധായകൻ പ്രിയദർശൻ ചെയ്ത കാര്യമാണ് തബു പറഞ്ഞത്.
സൂമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിരാസത് സിനിമാ അനുഭവം തബു പങ്കുവെച്ചത്. ചിത്രത്തിലെ നായികാ കഥാപാത്രത്തിന് തനി നാടൻ ലുക്കായിരുന്നു വേണ്ടതെന്ന് തബു പറഞ്ഞു. തലയ്ക്ക് എണ്ണ മയം കിട്ടാനായി പ്രിയദർശൻ ഒരു കുപ്പി എണ്ണയാണ് തന്റെ തലയിലേക്കൊഴിച്ചതെന്നും തബു ഓർത്തെടുത്തു.
“എന്റെ കഥാപാത്രത്തിന് തലയിൽ എണ്ണ മയമുള്ള, നാടൻ ലുക്കായിരുന്നു പ്രിയന് വേണ്ടിയിരുന്നത്. തല എണ്ണമയമുള്ളതായി തോന്നിക്കാൻ കുറച്ച് ജെൽ പുരട്ടിക്കോളാൻ ഹെയർ സ്റ്റൈലിസ്റ്റ് നിർദേശിച്ചു. ഞാനത് അനുസരിച്ചു. സെറ്റിലെത്തിയപ്പോൾ പ്രിയദർശൻ ചോദിച്ചു തലയിൽ എണ്ണ പുരട്ടാൻ പറഞ്ഞതല്ലേ എന്ന്. എണ്ണ തേച്ചിട്ടുണ്ടെന്നും തിളക്കം വരുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അദ്ദേഹം അവിടെനിന്ന് പോയി ഒരു കുപ്പി നിറച്ച് വെളിച്ചെണ്ണയുമായി വന്നു. അതുമുഴുവൻ എന്റെ തലയിലേക്കൊഴിച്ചു. തലയിൽ എണ്ണമയം വേണമെന്ന് താനുദ്ദേശിച്ചത് ഇതാണെന്നും സംവിധായകൻ പറഞ്ഞു.” തബുവിന്റെ വാക്കുകൾ.
പക്ഷേ അങ്ങനെ ചെയ്തതുകൊണ്ട് തനിക്ക് പിന്നീട് കാര്യങ്ങൾ എളുപ്പമായിവന്നെന്ന് തബു ചൂണ്ടിക്കാട്ടി. ആ സിനിമയ്ക്കുവേണ്ടി പിന്നെ ഹെയർസ്റ്റൈലിസ്റ്റിനെ ആവശ്യംവന്നില്ല. അഞ്ചുമിനിറ്റുകൊണ്ട് തയ്യാറാവും. നീണ്ട മുടിയിൽ എണ്ണ പുരട്ടി പിന്നിയിടുക മാത്രമേ സെറ്റിലെത്തുംമുൻപ് ചെയ്യേണ്ടതായി വന്നുള്ളൂവെന്നും തബു കൂട്ടിച്ചേർത്തു.
കമൽഹാസൻ, ശിവാജി ഗണേശൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആയിരുന്നു വിരാസത്. അമരീഷ് പുരി, പൂജാ ബത്ര എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. അജയ് ദേവ്ഗൺ നായകനാവുന്ന ഓറോം മേം കഹാം ദം ഥാ ആണ് തബു നായികയായെത്തുന്ന പുതിയ ചിത്രം. നീരജ് പാണ്ഡേ സംവിധാനംചെയ്യുന്ന ചിത്രം ഈ മാസം അഞ്ചിന് റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]