

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു ; മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
സ്വന്തം ലേഖകൻ
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ ആണ് ഇന്നലെ രാത്രി 11.24 ന് മരിച്ചത്. കഴിഞ്ഞ 24 മുതൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു.
ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മിലൻ. സംസ്കാരം ഇന്ന് 12 ന്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെയായി മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു–ധന്യ ദമ്പതികളുടെ മകൾ വി.ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ പന്ത്രണ്ടിനാണ് മരിച്ചത്. സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടത്.
തലവേദനയും ഛർദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെർമമീബ വെർമിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 20 നാണ് മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ച ഫദ്വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ ഫദ്വ മരണത്തിനു കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]